കാഞ്ഞങ്ങാട്: സാമുദായിക വികാരം ഇളക്കിവിട്ട് പഞ്ചായത്ത് ഭരണത്തെയും ഡി.ഡി.എഫിനെയും തകർക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്ന് ഇൗസ്റ്റേ് എളേരി പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും ഡി.ഡി.എഫ് നേതാക്കളും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പഞ്ചായത്ത് ബസ്സ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ട് രൂപത അധികാരികളുമായി നടത്തിയ ചർച്ചയിൽ ഉണ്ടാക്കിയ ധാരണ ലംഘിച്ച് പള്ളി അധികൃതർ കല്ലറകൾ നിർമിക്കുകയും ഇതിന് കോൺഗ്രസ് നേതൃത്വം കൂട്ടുനിൽക്കുകയും ചെയ്തതാണ് കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങളിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നും ഇവർ പറഞ്ഞു. ഇൗസ്റ്റേ് എളേരി പഞ്ചായത്ത് പ്രസിഡൻറായിരുന്ന ജയിംസ് പന്തമാക്കലിനെ 2015 ജൂൺ 19ന് പാർട്ടിയിൽനിന്ന് പുറത്താക്കിയതിനെ തുടർന്ന് രൂപംകൊണ്ട സംഘടനയാണ് ജനകീയ വികസനമുന്നണി (ഡി.ഡി.എഫ്). 2015ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 16 വാർഡുകളിൽ പത്തിലും വിജയിച്ച് ഡി.ഡി.എഫ് അധികാരത്തിൽ വന്നു. ഫിലോമിന ജോണി പ്രസിഡൻറായി. ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് സീറ്റുകളും ഡി.ഡി.എഫ് നേടി. ബസ്സ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് മുൻ ഭരണസമിതിയും തോമാപുരം ഫൊറോന പള്ളിയുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ പുതിയ ഭരണസമിതി അധികാരത്തിൽ വന്നശേഷം ബസ്സ്റ്റാൻഡ് ഉദ്ഘാടനത്തിന് ഒരുമാസം മുമ്പുതന്നെ നിയുക്ത തലശ്ശേരി അതിരൂപത സഹായമെത്രാൻ ജോസഫ് പാമ്പാനിയുമായി ചർച്ച നടത്തി തീരുമാനങ്ങളിൽ എത്തിയിരുന്നു. എന്നാൽ, സെമിത്തേരിയുടെ ഇടിഞ്ഞ മതിൽ പുനർനിർമിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിശ്വാസികളെ സംഘടിപ്പിച്ച് 18ഒാളം കല്ലറകൾ നിർമിച്ചു. ഇതിനെതിരെ ഇടവകാംഗവും മനുഷ്യാവകാശ പ്രവർത്തകനുമായ ടോമിച്ചൻ മച്ചിയാനി കലക്ടർക്കും മന്ത്രിക്കും പരാതി നൽകിയിരുന്നു. തോടിനോട് ചേർന്ന് കല്ലറ നിർമിക്കുന്നത് പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും കുടിവെള്ളം മലിനമാകുമെന്നും കാണിച്ചാണ് പരാതി നൽകിയത്. നിർമാണം നിർത്തിവെക്കാൻ ഉത്തരവിട്ട കലക്ടർ സ്റ്റോപ് മെമ്മോ നൽകാൻ പഞ്ചായത്തിന് നിർേദശം നൽകിയെങ്കിലും ഇത് കൈപ്പറ്റാൻ പള്ളി അധികൃതർ തയാറായില്ല. സ്ഥലം സന്ദർശിക്കാനെത്തിയ പഞ്ചായത്ത് സെക്രട്ടറിയെ അഭിഭാഷകൻ ഉൾപ്പെടെയുള്ളവർ തടഞ്ഞുവെച്ചു. കല്ലറ നിർമാണത്തിന് പഞ്ചായത്ത് എതിരാണെന്ന പ്രചാരണം പള്ളിയോടു ചേർന്നുനിൽക്കുന്ന കോൺഗ്രസ് നേതൃത്വം അഴിച്ചുവിട്ടുവെന്നും ഇവർ ആരോപിച്ചു. ഏപ്രിൽ 28ന് നടത്തിയ ഡി.ഡി.എഫ് യോഗത്തിൽ ആരെയും അവഹേളിച്ചിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ഫിലോമിന ജോണി ആക്കാട്ട്, ജിജോ വി. ജോസഫ്, മോഹൻ കോളിയാട്, ജഴ്സി ടോം, വേണുഗോപാലൻ, മറിയാമ്മ ചാക്കോ, ടോമി പുതുപ്പള്ളി, ലിൻസിക്കുട്ടി സെബാസ്റ്റ്യൻ, ഡെറ്റി ഫ്രാൻസിസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.