മംഗളൂരു: കോളിളക്കം സൃഷ്ടിച്ച മംഗളൂരു പബ് ആക്രമണ കേസിൽ പ്രതികളായ മുഴുവൻ ശ്രീരാമസേന പ്രവർത്തകരെയും വെറുതെ വിട്ട മംഗളൂരു ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) വിധിക്കെതിരെ അപ്പീൽ ഹരജി സമർപ്പിക്കാൻ ജില്ല മജിസ്ട്രേറ്റ് കൂടിയായ െഡപ്യൂട്ടി കമീഷണർ എസ്. ശശികാന്ത് സെന്തിൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് അനുമതി നൽകി. 2009 ജനുവരിയിലെ പബ് ആക്രമണ കേസിൽ പ്രമോദ് മുത്തലിക് ഉൾപ്പെടെ 26 പ്രതികളെ വെറുതെവിട്ട് കഴിഞ്ഞ മാർച്ച് 12നാണ് മജിസ്ട്രേറ്റ് ആർ. മഞ്ചുനാഥ ഉത്തരവായത്. മംഗളൂരു നഗരത്തിലെ പൗരാവലി സാക്ഷിയാവുകയും ഫോട്ടോകളും വിഡിയോകളും സംഭവശേഷം നേർക്കാഴ്ച നൽകുകയും ചെയ്തിരുന്നു. എന്നിട്ടും ഒരാൾപോലും ശിക്ഷിക്കപ്പെടാത്തതിൽ അദ്ഭുതവും ആശങ്കയും പ്രകടിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ അക്രമരംഗങ്ങൾ പ്രചരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂട്ടർ അപ്പീൽ ഹരജി നൽകുന്നത്. ജില്ല സെഷൻസ് കോടതി ഹരജി സ്വീകരിച്ചാൽ കേസ് പുനർവിചാരണക്ക് വിധേയമാക്കും. കർണാടകയിൽ ബി.ജെ.പി സർക്കാർ അധികാരത്തിലിരിക്കെ നടന്ന സംഭവത്തിെൻറ അന്വേഷണം സ്വാധീനിക്കപ്പെട്ടേക്കാമെന്ന സൂചന മജിസ്ട്രേറ്റിെൻറ വിധിപ്രസ്താവത്തിലുണ്ടായിരുന്നു. പബിൽ സ്ത്രീകളെ ആക്രമിക്കുന്ന ഫോട്ടോകളോ വിഡിയോ ദൃശ്യങ്ങളോ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാക്കുകയോ ഇരകളായ സ്ത്രീകളെ വിസ്തരിക്കുകയോ ചെയ്തിട്ടില്ലെന്ന കാര്യം വിധിയിൽ പരാമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.