ചെറുപുഴ: തകര്‍ന്ന റോഡ് നന്നാക്കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു. എന്നാൽ, ഏറ്റെടുക്കാന്‍ കരാറുകാർ തയാറാകുന്നില്ല. ഏക ബസ് സര്‍വിസ് നിലക്കാതിരിക്കാന്‍ പൊട്ടിപ്പൊളിഞ്ഞ റോഡില്‍ കല്ലും മണ്ണും കൊണ്ടിട്ട് കുഴിയടക്കാന്‍ ഒറ്റക്കു ശ്രമിച്ചു. എന്നിട്ടും ബസുടമ സർവിസ് നിര്‍ത്തിപ്പോയപ്പോള്‍ ബസിെൻറ സമയക്രമത്തിനൊപ്പം നടന്നു പ്രതിഷേധിക്കുകയല്ലാതെ ഈ വയോധികനു മുന്നില്‍ മറ്റൊരു വഴിയില്ലായിരുന്നു. അങ്ങനെയാണ് ചെറുപുഴ പെരുവട്ടം സ്വദേശി എറമുള്ളാന്‍ എന്ന അറുപത്തഞ്ചുകാരന്‍ പെരുവട്ടം മുതല്‍ ചെറുപുഴ ബസ്സ്റ്റാൻഡ്വരെ പ്രതിഷേധ സൂചകമായി നടക്കാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അധികൃതരുടെ നിസ്സംഗതക്കെതിരെ ഈ വയോധികന്‍ വേറിട്ട പ്രതിഷേധമുയര്‍ത്തിയത്. ആലക്കോട്, ചെറുപുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പ്രാപ്പൊയില്‍--മൂന്നാംകുന്ന്--രയരോം റോഡ്. ഒരേയൊരു സ്വകാര്യ ബസ് സര്‍വിസാണ് ഈ റൂട്ടില്‍ നാട്ടുകാരുടെ ആശ്രയം. വര്‍ഷങ്ങളോളം അറ്റകുറ്റപ്പണി നടത്താതായതോടെ റോഡിെൻറ മിക്ക ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞു. കുത്തനെയുള്ള കയറ്റംമൂലം റൂട്ടില്‍ വാഹനങ്ങള്‍ പോകുന്നത് താരതമ്യേന കുറവാണ്. റോഡ് തകര്‍ന്നതോടെ സര്‍വിസ് ഉപേക്ഷിക്കാന്‍ നാളുകളായി ബസ് ജീവനക്കാര്‍ തയാറെടുക്കുകയായിരുന്നു. തുടർന്നാണ് എറമുള്ളാന്‍ സ്വന്തം നിലയില്‍ റോഡിലെ കുഴികളടക്കാന്‍ ശ്രമം നടത്തിയത്. എന്നാൽ, കഴിഞ്ഞദിവസങ്ങളിലെ മഴയില്‍ അതെല്ലാം പാഴ്വേലയായി. തിങ്കളാഴ്ച മുതല്‍ ഇതുവഴിയുള്ള ഓട്ടം നിര്‍ത്തുകയാണെന്ന് ബസ് ജീവനക്കാര്‍ നാട്ടുകാരെ അറിയിച്ചിരുന്നു. ഇതോടെ തിങ്കളാഴ്ച രാവിലെ എറമുള്ളാന്‍ ബസിെൻറ സമയത്ത് ചെറുപുഴയിലേക്ക് പ്രതിഷേധ നടത്തത്തിനൊരുങ്ങുകയായിരുന്നു. വെളുത്ത ടൗവല്‍ കെട്ടി മുറിച്ചെടുത്ത വാഴയില തലക്കുമുകളില്‍ തണലാക്കിയായിരുന്നു നടത്തം. താന്‍ പതിവായി ബസിനു പോകുന്ന സമയമായ 7.20ന് ആരംഭിച്ച നടത്തം ഏഴ് കിലോമീറ്റര്‍ പിന്നിട്ട് 9.30ഓടെ ചെറുപുഴ ബസ്സ്റ്റാന്‍ഡില്‍ അവസാനിപ്പിച്ചു. എറമുള്ളാെൻറ പ്രതിഷേധ നടത്തത്തെക്കുറിച്ചറിഞ്ഞ ചെറുപുഴയിലെ ഓട്ടോ തൊഴിലാളികള്‍ ഇദ്ദേഹത്തിന് സ്വീകരണം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.