പന്നിഫാം മാലിന്യം: ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചതായി പരാതി

ശ്രീകണ്ഠപുരം: പന്നിഫാം മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ വലിച്ചെറിഞ്ഞതിനാൽ ഒരു പ്രദേശത്തെ കിണറുകൾ ഉൾപ്പെടെ മുഴുവൻ നീരുറവകളും മലിനമായി. ഇതോടെ ജനങ്ങളുടെ കുടിവെള്ളം മുട്ടുകയും ചെയ്തു. പയ്യാവൂർ ശാന്തിനഗർ കുരങ്ങൻമലയിലെ ജനങ്ങളാണ് കുടിവെള്ളം മലിനമായതോടെ ദുരിതത്തിലായത്. കുരങ്ങൻമലയിൽ സ്വകാര്യ വ്യക്തി നടത്തുന്ന പന്നിഫാമിൽ മാലിന്യസംസ്കരണ സംവിധാനമില്ല. മാലിന്യം തോന്നിയപോലെ വലിച്ചെറിയുകയാണെന്നാണ് ആക്ഷേപം. മലയടിവാരങ്ങളിലെ നീരുറവകളിലും വീടുകളിലെ കിണറുകളിലും പന്നി മാലിന്യം പതിച്ച് വെള്ളം മലിനമായിരിക്കുകയാണ്. വേനലിനെ അതിജീവിച്ച കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കപ്പെട്ടതോടെ കുടിനീരിനായി ഇവിടത്തെ ജനങ്ങൾ പരക്കം പായേണ്ട സ്ഥിതിയാണ്. പ്രദേശവാസികൾ നൽകിയ പരാതിയെ തുടർന്ന് ജലവിഭവ വകുപ്പ് അധികൃതർ വെള്ളം ശേഖരിച്ച് ലാബിലെത്തിച്ച് ഗുണനിലവാര പരിശോധന നടത്തിയപ്പോൾ മാരക വിഷാംശങ്ങൾ ജലത്തിൽ കലർന്നതായി കണ്ടെത്തിയിട്ടുണ്ട്. മഴക്കാലമാകുന്നതോടെ പന്നിഫാം മാലിന്യം മുഴുവനും മലയടിവാരത്തേക്ക് ഒഴുകി പ്രദേശത്തെ മുഴുവൻ ജലസ്രോതസ്സുകളും വിഷമയമാകുമെന്ന് നാട്ടുകാർ പറയുന്നു. ജില്ല കലക്ടർ, ആരോഗ്യ വകുപ്പ്, പയ്യാവൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ ജനകീയ കമ്മിറ്റി നേതൃത്വത്തിൽ പരാതി നൽകിയിട്ടുണ്ട്. ഫാമി​െൻറ പ്രവർത്തനം തടയണമെന്നും കുടിവെള്ളം സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.