തളിപ്പറമ്പ്: ഓട്ടോ ടാക്‌സികള്‍ക്ക് തളിപ്പറമ്പില്‍ സ്റ്റാൻഡ് അനുവദിക്കാന്‍ ധാരണ. തളിപ്പറമ്പ് സി.ഐ കെ.ജെ. വിനോയിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്ക് ഉറപ്പ് ലഭിച്ചത്. ഓട്ടോ ടാക്‌സികള്‍ക്ക് തളിപ്പറമ്പില്‍ സ്റ്റാൻഡ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ ടാക്‌സി ഡ്രൈവേര്‍സ് യൂനിയന്‍ എ.ഐ.ടി.യു.സിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം തളിപ്പറമ്പ് നഗരസഭ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ തളിപ്പറമ്പ് ഹൈവേയില്‍ ബസ്സ്റ്റാന്‍ഡിന് എതിര്‍വശത്തായി വാഹനം പാര്‍ക്ക് ചെയ്ത് സര്‍വിസ് ആരംഭിച്ചു. ഇത് ഓട്ടോഡ്രൈവര്‍മാരും ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരുമായി സംഘര്‍ഷത്തിന് ഇടയാക്കുമെന്ന വിവരത്തെ തുടര്‍ന്ന് സി.ഐ ഇടപെട്ട് യൂനിയന്‍ നേതാക്കളെയും തൊഴിലാളികളെയും ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഒരുമാസത്തിനുള്ളില്‍ പാര്‍ക്കിങ് സ്ഥലം അനുവദിക്കാനും അതുവരെ ഹൈവേയിലെ പാര്‍ക്കിങ് ഒഴിവാക്കാനും ധാരണയായി. തളിപ്പറമ്പ് നഗരസഭ ചെയര്‍മാൻ മഹമൂദ് അള്ളാംകുളവും ഓട്ടോ ടാക്സികൾക്ക് സ്റ്റാൻഡ് അനുവദിക്കണമെന്ന അനുകൂല നിലപാട് എടുത്തിട്ടുണ്ട്. തളിപ്പറമ്പില്‍ 40 ഓട്ടോ ടാക്‌സികളാണ് ഉള്ളത്. സ്റ്റാൻഡ് അനുവദിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എ.ഐ.ടി.യു.സി തളിപ്പറമ്പ് മേഖല പ്രസിഡൻറ് സി. ലക്ഷ്മണന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.