മുഖ്യമന്ത്രിയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായുള്ള ചര്‍ച്ച കാഞ്ഞങ്ങാട്^-കാണിയൂര്‍ പാത ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം

മുഖ്യമന്ത്രിയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായുള്ള ചര്‍ച്ച കാഞ്ഞങ്ങാട്-കാണിയൂര്‍ പാത ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം കാഞ്ഞങ്ങാട്: മുഖ്യമന്ത്രി റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയില്‍ കാഞ്ഞങ്ങാട്--പാണത്തൂര്‍-കാണിയൂര്‍ റെയില്‍പാതയുടെ നിർമാണം സംബന്ധിച്ച വിഷയം ഉള്‍പ്പെടുത്താത്തത് പ്രതിഷേധാർഹമാണെന്ന് കാഞ്ഞങ്ങാട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ചയാണ് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയത്. അപ്രായോഗികമെന്നും ലാഭകരമല്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ട പദ്ധതികള്‍പോലും ചര്‍ച്ചയില്‍ ഉൾപ്പെടുത്തിയപ്പോള്‍ സർവേനടപടികള്‍ പൂര്‍ത്തിയാക്കി ലാഭകരമെന്ന് കണ്ടെത്തിയ കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍പാതയുടെ കാര്യം പരിഗണിക്കാതിരുന്നത് ഖേദകരണ്. ഉത്തരകേരളത്തില്‍നിന്ന് ബംഗളൂരുവിലേക്കുള്ള ദൂരം ഗണ്യമായി കുറക്കുന്ന കാണിയൂര്‍പാത ജില്ലയിലെ മലയോരമേഖലയുടെ വികസനത്തിനും ചരക്കുഗതാഗതംവഴി വ്യാപാരമേഖല വിപുലപ്പെടുത്തുന്നതിനും ഏറെ ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. 2016ലെ സംസ്ഥാന ബജറ്റില്‍ കാണിയൂര്‍പാതക്ക് 20 കോടി വകയിരുത്തിയിരുന്നുവെങ്കിലും തുടര്‍നടപടികളുണ്ടായില്ല. അസോസിയേഷൻ ഭാരവാഹികൾ ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ക്കൊപ്പം പലതവണ മുഖ്യമന്ത്രിയെ സമീപിച്ചപ്പോഴും ആശങ്കവേണ്ടെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍, കേന്ദ്ര റെയില്‍വേ ബോര്‍ഡും സംസ്ഥാന സര്‍ക്കാറും ചേർന്ന് തയാറാക്കിയ സംയുക്ത സംരംഭ പദ്ധതിയില്‍ കാണിയൂര്‍പാത ഉള്‍പ്പെടുത്തിയില്ല. തിരുവനന്തപുരം--കാസര്‍കോട് റെയില്‍പാതക്ക് സമാന്തരമായി മൂന്നും നാലും പാതകൾക്ക് സാധ്യതാപഠനം നടത്താനുള്ള ഉന്നതതല ചര്‍ച്ചയിലെ തീരുമാനത്തെ അസോസിയേഷന്‍ സ്വാഗതം ചെയ്യുന്നതായും പ്രസിഡൻറ് ടി. മുഹമ്മദ് അസ്ലം അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.