പയ്യന്നൂർ: കണ്ണൂർ താഴെചൊവ്വ തിലാന്നൂരിലെ നൗഫലിെൻറ (40) മരണത്തിനു കാരണമായ കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി. ചെറുവത്തൂർ സ്വദേശി പൊള്ളയിൽ പ്രകാശൻ (42) ആണ് തിങ്കളാഴ്ച രാവിലെ 10.30ഓടെ പയ്യന്നൂർ സി.ഐ എം.പി. ആസാദ് മുഖേന കീഴടങ്ങിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തന്നെ പൊലീസ് അറസ്റ്റ്ചെയ്ത് പീഡിപ്പിക്കാനിടയുണ്ടെന്ന് കാണിച്ച് പ്രതി ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. ഇത് തള്ളിയ സാഹചര്യത്തിലാണ് തിങ്കളാഴ്ച രാവിലെ പയ്യന്നൂർ സി.ഐക്ക് മുമ്പാകെ കീഴടങ്ങിയത്. കഴിഞ്ഞ ഡിസംബർ ഒമ്പതിന് രാവിലെയാണ് നൗഫലിനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. മർദനത്തെ തുടർന്നുണ്ടായ പരിക്ക് കാരണം ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചെറുവത്തൂരിൽനിന്ന് മർദനമേറ്റ നൗഫൽ പരിക്കുകളോടെ ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ണൂരിലേക്കുള്ള പാസഞ്ചർ െട്രയിനിൽ കയറുകയും പയ്യന്നൂരിൽ ഇറങ്ങുകയുമായിരുന്നു. ചെറുവത്തൂരിൽവെച്ചാണ് നൗഫലിന് മർദനമേറ്റതെന്ന് അന്വേഷണത്തിൽ വ്യക്തമാവുകയും മൂന്നംഗസംഘത്തെക്കുറിച്ച് വിവരം ലഭിക്കുകയുമായിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് പ്രകാശനാണ് മർദിച്ചതെന്ന് തെളിഞ്ഞത്. പൊലീസ് പിടികൂടുമെന്നായപ്പോഴാണ് ഹൈകോടതിയെ മുൻകൂർ ജാമ്യത്തിനായി സമീപിച്ചത്. എന്നാൽ, കോടതി ഇത് തള്ളി. കൊല്ലണമെന്ന ഉദ്ദേശ്യത്തോെടയല്ല മർദനം എന്ന് അന്വേഷണത്തിൽ വ്യക്തമായതിനാൽ പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. ചെറുവത്തൂരിൽ കാർപെൻറർ തൊഴിലാളിയാണ് പ്രകാശൻ. ഡിസംബർ എട്ടിന് വൈകീട്ട് നാലരയോടെയാണ് നൗഫലിന് മർദനമേറ്റത്. മദ്യലഹരിയിലാണ് മർദിച്ചതെന്നു പറയുന്നു. ഇവിടെനിന്ന് ഓട്ടോഡ്രൈവറാണ് റെയിൽവേ സ്റ്റേഷനിലെത്തിക്കുന്നത്. വണ്ടി കണ്ണൂരിലെത്തിയെന്നു കരുതിയാണ് നൗഫൽ പയ്യന്നൂരിൽ ഇറങ്ങിയതത്രെ. പരിയാരത്തെ ഫോറൻസിക് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ കണ്ടെത്തൽ ഈ കേസിൽ നിർണായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.