കണ്ണൂർ സർവകലാശാല പി.വി.സി പ്രഫ. ടി. അശോകനെ ഗവർണർ പുറത്താക്കി

കണ്ണൂർ: കണ്ണൂർ സർവകലാശാല പി.വി.സി ഡോ. ടി. അശോകനെ തൽസ്ഥാനത്തുനിന്ന് പുറത്താക്കി ചാൻസലർകൂടിയായ ഗവർണർ ഉത്തരവിറക്കി. 2017 ഏപ്രിൽ 14 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവ്. ഡോ. ഖാദർ മാങ്ങാട് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായിരിക്കെ യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് 2015 മേയിലാണ് ടി. അശോകൻ പി.വി.സിയായി നിയമിതനായത്. പി.വി.സിയുടെ കാലാവധി നാലുവർഷമായതിനാൽ 2019 ജൂലൈയിലാണ് ഇദ്ദേഹം വിരമിക്കേണ്ടത്. എന്നാൽ, വൈസ് ചാൻസലർ സ്ഥാനമൊഴിയുേമ്പാൾ അതോടൊപ്പംതന്നെ പ്രോ വൈസ് ചാൻസലറുടെയും കാലാവധി തീരുമെന്ന യു.ജി.സി റെഗുലൈസേഷൻ അനുസരിച്ചാണ് നടപടി. കാലാവധി പൂർത്തിയാക്കി ഖാദർ മാങ്ങാട് 2017 ഏപ്രിലിലാണ് സ്ഥാനമൊഴിഞ്ഞത്. എന്നാൽ, പി.വി.സിയായി ടി. അശോകൻ തുടരുകയായിരുന്നു. ഇതേ തുടർന്ന് മുൻ സർവകലാശാല ഡെപ്യൂട്ടി രജിസ്ട്രാറും എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന പി.കെ. സുധീർചന്ദ്രൻ ഹൈകോടതിയെ സമീപിച്ചിരുന്നു. സംഭവത്തിൽ ഉചിതമായ നടപടിയെടുക്കുന്നതിന് ഹൈകോടതി ഗവർണറോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ടി. അശോകനെയും പരാതിക്കാരനായ സുധീർചന്ദ്രനെയും ഗവർണർ വിളിച്ചുവരുത്തിയിരുന്നു. ടി. അശോകൻ പി.വി.സി പദമൊഴിഞ്ഞാൽ നേരത്തേ ജോലിചെയ്തിരുന്ന പാലയാട് കാമ്പസിലെ മാനേജ്മ​െൻറ് വിഭാഗത്തിൽതന്നെ അദ്ദേഹം തിരികെയെത്തും. അതേസമയം, അധ്യാപകവൃത്തിയിൽനിന്ന് അദ്ദേഹം വിരമിക്കേണ്ടത് ഇൗമാസം 31നാണ്. വടകര ലോകനാർകാവ് സ്വദേശിയായ ടി. അശോകൻ 1982ൽ കാലടി ശ്രീശങ്കര കോളജിൽ അധ്യാപകനായാണ് ജോലിയിൽ പ്രവേശിച്ചത്. നാട്ടിക, കണ്ണൂർ എസ്.എൻ കോളജുകളിലും അധ്യാപകനായി. 1994ൽ പിഎച്ച്.ഡി നേടിയ അദ്ദേഹം കണ്ണൂർ സർവകലാശാലയിൽ റീഡറായി. 2010-13 കാലത്ത് സർവകലാശാല മാനേജ്മ​െൻറ് വിഭാഗം മേധാവിയായി. 2014 വരെ പാലയാട് കാമ്പസ് ഡയറക്ടറായി. പി.വി.സിയായി ചുമതലയേൽക്കുന്നതിന് മുമ്പ് കണ്ണൂർ സർവകലാശാല അക്കാദമിക് സ്റ്റാഫ് കോളജ് ഡയറക്ടറായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.