നാടകം തന്നെ ജീവിതമാക്കി ഒരു ​ഗ്രാമം

ഇരിട്ടി: നാടകത്തെ നെഞ്ചേറ്റുന്ന ഒരു ഗ്രാമമുണ്ട് മലയോരത്ത്. ആറു വയസ്സുകാരി മുതൽ എഴുപത്താറു പിന്നിട്ട വയോധികൻ വരെ അഭിനയരംഗം കീഴടക്കുന്ന പായം എന്ന ഗ്രാമമാണത്. ഗ്രാമീണ ഗ്രന്ഥാലയത്തി​െൻറ അനുബന്ധ സംഘടനകളുടെ നേതൃത്വത്തിലാണ് നാടകങ്ങൾ പരിശീലിക്കുന്നതും അരങ്ങിലെത്തിക്കുന്നതും. സ്ത്രീകളും കുട്ടികളും മാത്രമഭിനയിച്ച പത്ത് നാടകങ്ങൾ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ പായത്ത് അരങ്ങേറിയിട്ടുണ്ട്. കഴിഞ്ഞ നാടക ദിനത്തിൽ ഗ്രാമത്തിലെ നൂറിലധികം നാടക കലാകാരന്മാരുടെ സംഗമവും നടന്നു. ഏപ്രിൽ ഏഴിന് നടക്കുന്ന ഗ്രന്ഥാലയ വാർഷികത്തിൽ അവതരിപ്പിക്കാനുള്ള കുട്ടികളുടെ നാടക പരിശീലനത്തിന് പായത്ത് തുടക്കമായി. ഉദയ ബാലവേദിയുടെ പ്രവർത്തകരാണ് കളരിയിൽ നാടകം പരിശീലിക്കുന്നത്. ജി. സുനിൽ കുമാർ രചിച്ച 'അപ്പൂപ്പൻ താടികൾ' എന്ന നാടകമാണ് ഇക്കുറി അവതരിപ്പിക്കുന്നത്. ലൈബ്രറി കൗൺസിൽ താലൂക്ക് ജോയൻറ് സെക്രട്ടറി രഞ്ജിത് കമൽ നാടകക്കളരി ഉദ്ഘാടനം ചെയ്തു. 13 വിദ്യാർഥികളാണ് നാടകത്തിൽ അഭിനയിക്കുന്നത്. ജീവിതത്തിൽ കള്ളം പറയേണ്ടിവരുന്ന കുട്ടികളുടെ ധർമസങ്കടങ്ങളാണ് നാടകം ചർച്ച ചെയ്യുന്നത്. ഉദ്ഘാടന ചടങ്ങിൽ ടി. നിപുൺ അധ്യക്ഷത വഹിച്ചു. വിഷ്ണു പവിത്രൻ, ജീവശ്രീ എന്നിവർ സംസാരിച്ചു. രഞ്ജിത് വെളിയമ്പ്രയാണ് പരിശീലകൻ. ടി. നിപുൺ, ടി. വന്ദിത്, ടി. നന്ദിത്, വിഷ്ണു പവിത്രൻ, അഭിജിത്ത്, അനിരുദ്ധ്, സൗരവ്, സിദ്ധാർഥ്, ഋതുപർണ, ജീവശ്രീ, സ്നേഹ മോഹൻദാസ് , ശിശിര, അൻവിത, ശ്രീരഞ്ജിനി എന്നിവരാണ് അഭിനേതാക്കൾ. വി. ദിനചന്ദ്രൻ, ടി.എൻ. രാജേഷ് എന്നിവരാണ് നാടകക്കളരിക്ക് നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.