കാസർകോട്: തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ചുവന്ന കോടികളുടെ നികുതി ചുളുവിൽ കേന്ദ്രത്തിന്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിന് മുതൽക്കൂട്ടായിരുന്ന പരസ്യ, വിനോദ നികുതിയാണ് സംസ്ഥാനത്തിനും കേന്ദ്രത്തിനുമായി വീതിക്കപ്പെട്ട് പോയത്. കോർപറേഷൻ, നഗരസഭ, പഞ്ചായത്ത് എന്നിങ്ങനെയുള്ള തദ്ദേശ ഭരണകൂടങ്ങൾക്ക് തങ്ങളുടെ പരിധിയിലെ തിയറ്ററുകൾ, ഇവൻറുകൾ, പരസ്യ ബോർഡുകൾ എന്നിവ വഴി കോടികളുടെ നികുതിയാണ് ലഭിച്ചുപോന്നിരുന്നത്. പഞ്ചായത്തിരാജ് ആക്ട് വഴി ലഭിച്ച അധികാരത്തിെൻറ അടിസ്ഥാനത്തിലുള്ള ഇൗ വരുമാനം ജി.എസ്.ടി പ്രകാരം കേന്ദ്രത്തിനും സംസ്ഥാനത്തിനും ലഭിച്ചപ്പോൾ തദ്ദേശ സ്ഥാപനങ്ങൾക്ക് ഒന്നും കിട്ടാതായി. തദ്ദേശ സ്ഥാപനങ്ങൾക്ക് ആകെ ലഭിക്കുന്ന വിനോദ നികുതി 500 കോടിയോളം വരുമെന്ന് തദ്ദേശ സ്ഥാപന ഭാരവാഹികളുടെ അസോസിയേഷനുകൾ സർക്കാറിനെ അറിയിച്ചിരുന്നു. ഇൗ തുക തങ്ങൾക്ക് സർക്കാർ ഫണ്ടായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രേഖാമൂലം കത്ത് നൽകിയിട്ടുണ്ട്. എന്നാൽ, ഇതുവരെ തുക ലഭിച്ചിട്ടില്ലെന്ന് മേയർമാരുടെ അസോസിയേഷൻ ചെയർമാനായ തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് 'മാധ്യമ'ത്തോട് പറഞ്ഞു. തുക അനുവദിക്കാമെന്ന് പറഞ്ഞതായി നഗരസഭ ചെയർമാന്മാരുടെ അസോസിയേഷൻ പ്രസിഡൻറ് വി.വി. രമേശൻ പറഞ്ഞു. എന്നാൽ, ഇതുവരെ കിട്ടിത്തുടങ്ങിയിട്ടില്ല. മൾട്ടിപ്ലക്സ് തിയറ്ററുകൾ, മെഗാ ഇവൻറുകൾ, പരസ്യ ബോർഡുകൾ എന്നിവ ഏറെയുള്ള കോർപറേഷനുകൾക്ക് 15- 20കോടി രൂപയാണ് നഷ്ടം. ആറു കോർപറേഷനുകളിലായി ഇൗ തുക നൂറുകോടിയോളം വരും. നഗരസഭകൾക്ക് 30--50 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. തിയറ്ററുകൾ വളരെ കുറവുള്ള കാസർകോട് നഗരസഭക്ക് മാത്രം 28 ലക്ഷം രൂപയുടെ നഷ്ടം നടപ്പുവർഷം ഉണ്ടായിട്ടുണ്ട്. 78 നഗരസഭകൾക്ക് 300 കോടിയോളം രൂപയുടെ നഷ്ടംവരും. ശരാശരി അഞ്ചുലക്ഷം രൂപ മാത്രം കണക്കാക്കിയാൽ 50 കോടിയിൽ താഴെയായിരിക്കും പഞ്ചായത്തുകളുടെ നഷ്ടം. കേരളത്തിൽ നിന്നു മാത്രം സ്ഥാപനങ്ങളുടെ വരുമാനമായ 200 കോടിയിലേറെ രൂപ കേന്ദ്രം കവർന്നെടുത്തു. ഇത്രയും തുക സംസ്ഥാനങ്ങളും കവർന്നെടുത്തുവെങ്കിലും അത് തിരിച്ച് പദ്ധതി വിഹിതത്തിലൂടെ നൽകുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ, കേന്ദ്രത്തിന് ലഭിച്ച തുക തിരികെ ലഭിക്കാൻ നടപടിയായിട്ടില്ല. രവീന്ദ്രൻ രാവണേശ്വരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.