അക്ഷരങ്ങളോട് കൂട്ടുകൂടി അശ്വിൻ

പെരിയ: ''എത്രയോ കൈകളിൽ ഊരുചുറ്റി എത്തിയിട്ടും ലവലേശം വെറുപ്പില്ല നിന്നോടാർക്കും!'' 'കാശ്' എന്ന പേരിൽ ഒരു ഒമ്പതാംക്ലാസുകാരൻ കുറിച്ചിട്ട ചെറുകവിതയാണിത്. വലിയൊരു ആശയത്തെ പ്രായത്തിനതീതമായ കൈയൊതുക്കത്തോടെ അവതരിപ്പിക്കുന്ന ഈ കവിത മാത്രമല്ല, വലിയൊരു നോട്ടുബുക്കിൽ ഈ പതിനാലുകാരൻ കുറിച്ചിട്ട അറുപതോളം കവിതകൾ വായനക്കാരെ അതിശയിപ്പിക്കുന്നവയാണ്. പുല്ലൂർ കണ്ണാങ്കോട്ടെ അശ്വിൻ ചന്ദ്രനാണ് കഥകളിലൂടെയും കവിതകളിലൂടെയും വേറിട്ട വഴിയിൽ സഞ്ചരിക്കുന്നത്. കൂട്ടുകാരൊക്കെയും മൊബൈൽഫോണിലും ടി.വി ചാനലുകളിലുമായി സമയം കളയുമ്പോൾ അൽപം വ്യത്യസ്തനായ അശ്വിൻ ചങ്ങാതികളാക്കുന്നത് പുസ്തകങ്ങളെയാണ്. നാട്ടിലെ ലൈബ്രറികളിൽനിന്നും സ്കൂളിൽനിന്നും സുഹൃത്തുക്കളിൽനിന്നും വായനക്കായി എടുത്ത പുസ്തകങ്ങളിൽ അവൻ തപസ്സിരിക്കും. വായനപോലെ തന്നെ ഗൗരവമുണ്ട്, അശ്വിന് എഴുത്തിനോടും. ചെറുപ്രായത്തിൽതന്നെ എഴുതിത്തുടങ്ങിയെങ്കിലും ഹൈസ്കൂൾ പഠനത്തി​െൻറ തുടക്കത്തിലാണ് അതിനൊരു മിഴിവ് ലഭിക്കുന്നത്. എഴുത്തിനോടുള്ള സ്നേഹത്തിനിടയിലെവിടെയോ അവൻ എഴുത്തുകാരുടെ കൈയക്ഷരം തേടിയിറങ്ങി. അക്ഷരങ്ങൾകൊണ്ട് ത്രസിപ്പിക്കുന്ന മഹാരഥന്മാരുടെ കൈപ്പടയെക്കുറിച്ചുള്ള ആകാംക്ഷ എം.ടി മുതലുള്ള മലയാളത്തിലെ പ്രസിദ്ധ എഴുത്തുകാരുടെ കൈപ്പട ശേഖരിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. എം.ടി. വാസുദേവൻ നായർ, വൈശാഖൻ, സച്ചിദാനന്ദൻ, കൽപറ്റ നാരായണൻ, പി.എൻ. ഗോപീകൃഷ്ണൻ, വീരാൻകുട്ടി, എം.എ. റഹ്മാൻ, വി.ആർ. സുധീഷ്, പി. രാമൻ, സന്തോഷ് ഏച്ചിക്കാനം... അമ്പതിലധികം എഴുത്തുകാരുടെ കൈയക്ഷരം അശ്വിൻ ശേഖരിച്ചുകഴിഞ്ഞു. ഇതൊക്കെ സമാഹരിച്ച് പുസ്തകരൂപത്തിലാക്കണമെന്നാണ് കൊച്ചു കവിയുടെ ആഗ്രഹം. സ്കൂളിൽ മറ്റു കുട്ടികൾ കളിക്കാൻ പോവുമ്പോൾ കൈയിൽ കിട്ടിയ പുസ്തകവുമായി അവൻ ഏതെങ്കിലും മരച്ചോട്ടിലോ ക്ലാസ്മുറിയിലോ തനിച്ചാവും. ഈ അധികം സംസാരിക്കാത്ത പ്രകൃതക്കാരന് വല്ലാത്തൊരു നിരീക്ഷണപാടവമുണ്ട്. ഇതേ നിരീക്ഷണം തന്നെയാണ് അശ്വി​െൻറ രചനകളെ വേറിട്ടുനിർത്തുന്നതും. കഥകളും കവിതകളും ഒരേപോലെ എഴുതുന്ന അശ്വി​െൻറ ചില രചനകൾ ഗൗരവമായ വായന ആവശ്യപ്പെടുന്നവയാണ്. അങ്കണം ജൂനിയർ കഥ പുരസ്കാരം, കെ.എം.കെ യുവപ്രതിഭ പുരസ്കാരം, സംസ്‌കൃതി കൗമാര ചെറുകഥ പുരസ്കാരം, സ്വരലയ ചെറുകഥ പുരസ്കാരം, ബാലസംഘം ജില്ല കവിത പുരസ്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ഇതിനകംതന്നെ അശ്വിനെത്തേടി വന്നുകഴിഞ്ഞു. പല ആനുകാലികങ്ങളിലും ത​െൻറ കഥകളും കവിതകളും അച്ചടിമഷി പുരണ്ടുവരുമ്പോഴും ഒരു പുസ്തകമിറക്കുന്നതിനെക്കുറിച്ച് ഇപ്പോഴൊന്നും ആലോചിക്കുന്നേയില്ലെന്ന് അശ്വിൻ ചന്ദ്രൻ പറയുന്നു. പുല്ലൂർ സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി എം. ചന്ദ്ര​െൻറയും അധ്യാപിക ജയസുധയുടെയും മകനാണ് പെരിയ ഗവൺമ​െൻറ് ഹയർസെക്കൻഡറി സ്കൂളിലെ ഈ ഒമ്പതാം ക്ലാസുകാരൻ. നല്ലൊരു ചിത്രകാരനായ അമിത് ചന്ദ്രൻ ഇരട്ട സഹോദരനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.