മംഗളൂരു: ബണ്ട്വാളിലെ ബജ്റംഗ്ദൾ നേതാവും ഓട്ടോറിക്ഷ ഡ്രൈവറുമായ രാജേഷ് പൂജാരി കൊല്ലപ്പെട്ട കേസിൽ പ്രതികളായ മൂന്ന് യുവാക്കളെ അഡി. ജില്ല സെഷൻസ് കോടതി (മൂന്ന്) വെറുതെ വിട്ടു. മള്ളൂരു സ്വദേശികളായ ഇർഷാദ്(23), ഹുസൈൻ(23), ഇംറാൻ(21)എന്നിവരെയാണ് വെറുതെ വിട്ടത്. ഇവർ നിരപരാധികളാണെന്നും കള്ളക്കേസിൽ കുടുക്കിയതാണെന്നും അറസ്റ്റ് വേളയിൽ തന്നെ ആരോപണമുണ്ടായിരുന്നു. 2014 മാർച്ച് 18ന് പുലർച്ച ബണ്ട്വാൾ ഓട്ടോറിക്ഷ സ്റ്റാൻഡിലാണ് രാജേഷ് പൂജാരി കൊല്ലപ്പെട്ടത്. സംഭവം നടന്ന് പത്താം ദിവസം ബണ്ട്വാൾ പൊലീസ് അറസ്റ്റ് ചെയ്തത് നിരപരാധികളെയാണെന്ന് ആരോപിച്ച് ബന്ധുക്കൾ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരമ്പര സംഘടിപ്പിച്ചിരുന്നു. പൊലീസ് സ്റ്റേഷനും ജില്ല ചുമതലയുള്ള മന്ത്രിയുടെ വീടിനുമുന്നിലുമായിരുന്നു സമരങ്ങൾ. തുടർന്ന് കേസ് അന്വഷണം സി.ഒ.ഡിക്ക് വിട്ടു. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. 27 സാക്ഷികളെ വിസ്തരിക്കുകയും 47 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്യുമ്പോൾ പ്രതികളിൽ ഒരാളായ ഇംറാന് പ്രായപൂർത്തിയായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.