ബാസപ്പ വധം: രണ്ടുപേര്‍ അറസ്​റ്റിൽ

കാസർകോട്: പെയിൻറിങ് ജോലിക്കെത്തിയ കർണാടക ബളഗാവി സ്വദേശി ശരണ ബാസപ്പയെ (26) അടിച്ചുകൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റിൽ. കുഴല്‍ക്കിണര്‍ കുഴിക്കാനെത്തിയ സംഘത്തില്‍പെട്ട ഛത്തിസ്ഗഢ് നാരായണ്‍പുര്‍ ധോടായ് മുറിയപാറയിലെ ദീപക് കുമാര്‍ സലാം (25), മധ്യപ്രദേശ് ചിറയി ഡോംഗ്രി മംഗല്‍ ഗഞ്ചിലെ ഗിര്‍വാര്‍ സിങ് (35) എന്നിവരാണ് അറസ്റ്റിലായത്. ശീട്ടുകളിയില്‍ തുടര്‍ച്ചയായി ബാസപ്പ ജയിച്ചതാണ് കൊലക്ക് പിന്നിലെന്ന് ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 2017 ഡിസംബര്‍ 30ന് ബദിയഡുക്ക കാട്ടുകുക്കെ സാല ഗോപാലകൃഷ്ണയുടെ വീട്ടുപറമ്പിലാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. അന്നേദിവസം രാവിലെ വിറക് ശേഖരിക്കാന്‍ പോയ അപ്പക്കുഞ്ഞി മണിയാണിയാണ് അഴുകിയ മൃതദേഹം കണ്ടത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. തലയുടെ ഇടതുഭാഗത്തേറ്റ ശക്തമായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. മരിച്ചയാളെ കണ്ടെത്താൻ ഏറെ പ്രയാസപ്പെട്ടിരുന്ന അന്വേഷണസംഘത്തിന് മൃതദേഹത്തി​െൻറ കഴുത്തില്‍ കണ്ടെത്തിയ പ്രത്യേകതരം ഉറുക്കാണ് കച്ചിത്തുരുമ്പായത്. കര്‍ണാടകയിലെ ഒരു പ്രത്യേകവിഭാഗം ആളുകള്‍ ധരിക്കുന്ന ഉറുക്കാണിത്. ഇൗ വിഭാഗത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ബാസപ്പയിലെത്തിയത്. പിന്നാലെ ബാസപ്പയുടെ സഹോദരന്‍ ഭീമപ്പയും ബന്ധുക്കളും ബദിയടുക്ക സ്റ്റേഷനിലെത്തി ഏലസും വസ്ത്രവും നോക്കി മൃതദേഹം തിരിച്ചറിഞ്ഞു. ബാസപ്പയുടെ മൃതദേഹമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഡി.എൻ.എ ടെസ്റ്റും നടത്തിയിരുന്നു. ജില്ല പൊലീസ് ചീഫ് കെ.ജി. സൈമണി​െൻറ മേല്‍നോട്ടത്തില്‍ കാസര്‍കോട് ഡിവൈ.എസ്.പി എം.വി. സുകുമാരന്‍, ഡി.സി.ആർ.ബി ഡിവൈ.എസ്പി ജെയ്‌സണ്‍ എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. ബദിയഡുക്ക എസ്.ഐ പ്രശാന്ത്, എസ്.ഐമാരായ ഫിലിപ് തോമസ്, രവീന്ദ്രന്‍, രഘൂത്തമന്‍, എ.എസ്.ഐമാരായ നാരായണന്‍, ബാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ െപാലീസ് ഓഫിസര്‍ ലക്ഷ്മി നാരായണന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഫിലിപ്, ശ്രീരാജ്, റോജന്‍, ഡ്രൈവര്‍ ബാലകൃഷ്ണന്‍, സൈബര്‍ സെല്ലിലെ അജേഷ്, ശിവകുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. എ.എസ്.പി വിശ്വനാഥനാണ് അന്വേഷണം ഏകോപിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.