നന്ദിഗ്രാമുകൾ സൃഷ്​ടിച്ച്​ സർക്കാറിനെ അട്ടിമറിക്കാനാവില്ല ^കോടിയേരി

നന്ദിഗ്രാമുകൾ സൃഷ്ടിച്ച് സർക്കാറിനെ അട്ടിമറിക്കാനാവില്ല -കോടിയേരി കണ്ണൂർ: ബംഗാളിൽ ഒരു നന്ദിഗ്രാമുണ്ടായെന്നുവെച്ച് കേരളത്തിലും നന്ദിഗ്രാമുകൾ സൃഷ്ടിച്ച് ഇടതുപക്ഷഭരണത്തെ അട്ടിമറിക്കാമെന്ന് ആരും ധരിക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കണ്ണൂരിൽ എ.കെ.ജി അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കീഴാറ്റൂരിനെയും കണ്ണൂരിനെയും സർക്കാറിനെതിരായ സമരഭൂമിയാക്കി മാറ്റാനാണ് ശ്രമം. വികസനം തടസ്സപ്പെടുത്താൻ ആർ.എസ്.എസും എസ്.ഡി.പി.െഎയും മാവോവാദികളും ചേർന്ന രാഷ്ട്രീയസംവിധാനം രൂപപ്പെടുകയാണ്. ഇതാണ് കീഴാറ്റൂരിലും കാണുന്നത്. പരിസ്ഥിതിസംരക്ഷക വേഷംകെട്ടി സർക്കാർവിരുദ്ധ സമരത്തിന് രംഗമൊരുക്കുകയാണ് ഇവർ. രാജ്യത്തുതന്നെ ഏറ്റവും മോശമായ ദേശീയപാതയുള്ള ജില്ലകളാണ് കണ്ണൂരും കാസർകോടും. ദേശീയപാത വികസിപ്പിച്ചേ മതിയാവൂ. ദേശീയപാത ബൈപാസ് കീഴാറ്റൂർ വഴിയാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനോ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനോ അല്ല. കേന്ദ്ര ബി.ജെ.പി സർക്കാറി​െൻറ നിയന്ത്രണത്തിലുള്ള ദേശീയപാത അതോറിറ്റിയാണ്. സ്ഥലം നഷ്ടപ്പെടുന്നവർക്ക് സ്വാഭാവികമായും പ്രയാസം കാണും. അതുകൊണ്ടാണ് പരമാവധി ആനുകൂല്യം നൽകാൻ തീരുമാനിച്ചത്. 60 ഭൂവുടുമകളിൽ 56 പേരും സമ്മതപത്രം നൽകി. ഇതോടെ പരിസ്ഥിതി സംരക്ഷണത്തി​െൻറ പേരിലായി ചിലരുടെ എതിർപ്പ്. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് എൽ.ഡി.എഫ് കാഴ്ചപ്പാട്. സമരക്കാർ സമചിത്തതയോടെ കാര്യങ്ങൾ കാണണം. അവരുടെ പ്രശ്നങ്ങൾ ഏതെല്ലാം വിധത്തിൽ പരിഹരിക്കാൻ കഴിയുമോ അതെല്ലാം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടും പിന്നെ എന്തിനാണ് സമരമെന്ന് കോടിയേരി ചോദിച്ചു. ഈ രാഷ്ട്രീയസമരത്തിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ---------- കീഴാറ്റൂരിന് പകരം മേൽപാലം: 'കേന്ദ്രം തയാറെങ്കിൽ സംസ്ഥാനത്തിന് എതിർപ്പില്ല' കണ്ണൂർ: കീഴാറ്റൂരിൽ ൈബപാസിന് പകരം മേൽപാലം നിർമിക്കാൻ കേന്ദ്രസർക്കാർ തയാറാണെങ്കിൽ സംസ്ഥാനസർക്കാർ സഹകരിക്കാമെന്ന് കോടിയേരി ബാലകൃഷ്ണൻ. നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിച്ച് എലിവേറ്റഡ് ഹൈവേ (മേൽപാലം) സ്ഥാപിക്കാൻ കഴിയുമോ എന്നു പരിശോധിക്കണമെന്ന് ജെയിംസ് മാത്യു എം.എൽ.എ ആവശ്യപ്പെട്ടപ്പോൾ അനുകൂലമായാണ് മന്ത്രി ജി. സുധാകരൻ മറുപടി നൽകിയത്. എന്നാൽ, ഇക്കാര്യം തീരുമാനിക്കേണ്ടത് ദേശീയപാത അതോറിറ്റിയാണ്. ബി.ജെ.പിക്കാർ നിതിൻ ഗഡ്കരിയോടും നരേന്ദ്ര മോദിയോടും പറഞ്ഞ് എലിവേറ്റഡ് ഹൈവേയാക്കി മാറ്റട്ടെ. ഞങ്ങൾക്ക് ഒരു വിരോധവുമില്ലെന്നും കോടിയേരി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.