കീഴാറ്റൂർ: മുഖ്യമന്ത്രിയെ തള്ളി സി.പി.െഎ -എ.െഎ.വൈ.എഫ് നേതാക്കൾ ഇന്ന് സമരഭൂമിയിൽ കണ്ണൂർ: കീഴാറ്റൂർ വയൽ വഴിയുള്ള ദേശീയപാത ബൈപാസ് വിരുദ്ധ സമരത്തിനെതിരെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ശക്തമായി രംഗത്തുവന്നതിന് പിന്നാലെ, സമരത്തിന് പരസ്യ പിന്തുണയുമായി സി.പി.െഎ രംഗത്ത്. സമരക്കാർക്ക് പിന്തുണയുമായി എ.െഎ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി. ഗവാസ് എന്നിവർ ചൊവ്വാഴ്ച കീഴാറ്റൂരിലെത്തും. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ നിർദേശത്തെ തുടർന്നാണിത്. അതേസമയം, സർക്കാർ നിലപാട് കർശനമായി തുടരവേ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് വയൽക്കിളി ജനകീയ കൂട്ടായ്മ. ഈ മാസം 25ന് തളിപ്പറമ്പിൽനിന്ന് കീഴാറ്റൂരിലേക്ക് മാർച്ച് നടത്തും. കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, പരിസ്ഥിതി പ്രവർത്തകൻ അഡ്വ. ഹരീഷ് വാസുദേവൻ തുടങ്ങിയവർ പങ്കെടുക്കും. മാർച്ചിനുശേഷം, സി.പി.എം പ്രവർത്തകർ തീയിട്ടു നശിപ്പിച്ച സമരപ്പന്തൽ പുനർനിർമിക്കും. കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകരും കീഴാറ്റൂരിലെത്തുന്നുണ്ട്. ഈ മാസം 14ന് വയൽക്കിളികളെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത ശേഷമാണ് കീഴാറ്റൂർ വയലിൽ സർവേ നടപടികൾ പൂർത്തിയാക്കിയത്. പിന്നീട് കീഴാറ്റൂർ സന്ദർശിച്ച സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ വയൽക്കിളി സമരം പരാജയപ്പെട്ടുവെന്നും ജനം തള്ളിയെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ, സി.പി.െഎ തുടക്കം മുതൽ സമരക്കാർക്ക് അനുകൂലമാണ്. മുഖ്യമന്ത്രിയുടെ എതിർപ്പ് തള്ളി സി.പി.െഎ പ്രത്യക്ഷ പിന്തുണയുമായി രംഗത്തുവരുന്നത് വയൽക്കിളികൾക്ക് ആവേശമായിട്ടുണ്ട്. ഒപ്പം യു.ഡി.എഫിെൻറ പിന്തുണയും. വയലുകൾ സംരക്ഷിക്കുമെന്ന ഇടതുമുന്നണി പ്രകടനപത്രികയിലെ വാഗ്ദാനം ഉയർത്തിയാണ് സി.പി.െഎയുടെ ഇടപെടൽ. കീഴാറ്റൂർ ബൈപാസ് വലിയ തോതിൽ പരിസ്ഥിതി നാശമുണ്ടാക്കുമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിെൻറ പഠനവും പുറത്തുവന്നിട്ടുണ്ട്. ഇവയൊന്നും സി.പി.എം പരിഗണിക്കുന്നില്ല. വിപണി വിലയുടെ പത്തുമടങ്ങ് ലഭിക്കുന്നതിനാൽ കീഴാറ്റൂരിൽ ഭൂവുടമകളിൽ ഒരു വിഭാഗം റോഡിനായി ഭൂമി വിട്ടുനൽകാൻ തയാറാണ്. ഭൂവുടമകളുടെ പിന്തുണയോടെ വയൽക്കിളി സമരം മറികടക്കാനാണ് സി.പി.എം ശ്രമം. തുടക്കത്തിൽ വയൽക്കിളികൾക്കൊപ്പമായിരുന്ന പാർട്ടി അണികളെ വലിയ തോതിൽ പിന്തിരിപ്പിക്കാൻ സി.പി.എം നേതൃത്വത്തിന് കഴിഞ്ഞിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.