തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവം കൂടിപ്പിരിഞ്ഞു

തളിപ്പറമ്പ്: 14 ദിവസം നീണ്ടുനിന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവം കൂടിപ്പിരിഞ്ഞു. രണ്ടാഴ്ചക്കാലത്തോളം ക്ഷേത്ര മുറ്റത്തും പൂക്കോത്ത് നടയിലുമായി ബാലനടനമാടിയ ശ്രീകൃഷ്ണനും ബലരാമനും കൂടിപ്പിരിയുന്ന ഭക്തിസാന്ദ്രമായ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത് പതിനായിരങ്ങൾ. വൈകീട്ട് ഇരു ബിംബങ്ങളും ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നള്ളിച്ചതോടെ നൂറുകണക്കിനാളുകൾ മോതിരംവെച്ച് തൊഴൽ നടത്തി. ക്ഷേത്രത്തിന് മൂന്നുതവണ പ്രദക്ഷിണം പൂർത്തിയാക്കിയ രാമ-കൃഷ്ണന്മാർ പാലെഴുന്നള്ളിക്കുന്ന അരയാൽതറ വരെ ഓടിയെത്തി. പിന്നീട് ഓടിയും പിന്തിരിഞ്ഞോടിയും പൂന്തുരുത്തി തോടുവരെയെത്തിയപ്പോൾ തലയിൽ തുളുമ്പിമറിയുന്ന പാൽക്കുടവുമായി രാമ-കൃഷ്ണന്മാരുടെ മുന്നിലൂടെ പാലമൃതൻ ക്ഷേത്രത്തിലേക്ക് പോയി. പാൽ കണ്ടതോടെ, പാൽ കൊതിയനായ ശ്രീകൃഷ്ണൻ 14 ദിവസം ഒന്നിച്ച് ബാലലീലകളാടിയ ജ്യേഷ്ഠനെ മറന്ന് പൂന്തുരുത്തി തോട് കടന്ന് ക്ഷേത്രത്തിലേക്ക് ഓടിപ്പോയി. അനുജൻ ഓടി പ്പോകുന്നത് വിരഹവേദനയോടെ കണ്ടുനിന്ന ബലരാമൻ സ്വന്തം തട്ടകമായ മഴൂരിലേക്ക് തിരിച്ചുപോയതോടെയാണ് ഉത്സവം കൂടിപ്പിരിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.