'32 ദിവസം 32 ക്ലാസ്​ മുറികൾ'; അടുക്കത്ത്ബയൽ സ്​കൂൾ വെരി സ്​മാർട്ട്​

കാസർകോട്: അധ്യാപകർക്കും രക്ഷിതാക്കൾക്കുമൊപ്പം നാട്ടുകാർ കൂടി കൈകോർത്തപ്പോൾ അടുക്കത്ത്ബയൽ സ്കൂൾ സ്മാർട്ടായി. 32 ദിവസത്തെ അധ്വാനം കൊണ്ട് 32 ക്ലാസ് മുറികൾ സ്മാർട്ടാക്കിയ സ്കൂൾ മറ്റ് വിദ്യാലയങ്ങൾക്കും മാതൃകയായി. നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും സഹായത്തോടെ. വിദ്യാലയ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായാണ് '32 ദിവസം കൊണ്ട് 32 സ്മാർട്ട് ക്ലാസ് മുറികൾ' എന്ന പദ്ധതി സ്കൂൾ ലക്ഷ്യത്തിലെത്തിച്ചത്. ഓരോ കുട്ടിക്കും പാഠപുസ്തകങ്ങൾക്കു പുറമെ അധികം അറിവു ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. വരുന്ന അധ്യയനവർഷത്തെ പ്രവേശനോത്സവത്തിനോടനുബന്ധിച്ചു സമ്പൂർണ ഹൈടെക് സ്കൂൾ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുമെന്ന് സ്കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഓരോ ക്ലാസ് മുറിയിലും ഹൈടെക് ബോക്സുകൾ സജ്ജീകരിച്ചിട്ടുണ്ട്. എൽ.സി.ഡി പ്രോജക്ടർ, ഹോം തിയറ്റർ, വൈ ഫൈ കണക്ടർ ഉപാധികൾ, ഇലക്ട്രിക് സംവിധാനങ്ങൾ എന്നിവ അടങ്ങുന്നതാണ് ഹൈടെക് ബോക്സുകൾ. ചുവരിൽ ഓട്ടോമാറ്റിക് സ്ക്രീനുമുണ്ട്. അധ്യാപകർക്ക് അനായാസം കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് ബോക്സ് സജ്ജീകരിച്ചത്. ലാപ്ടോപ് അടക്കം ഒരു ക്ലാസ് മുറിയിലെ ഹൈടെക് ബോക്സിന് 75,000 രൂപയാണ് ചെലവ്. ലാപ്ടോപ് അധ്യാപകർ വാങ്ങിയപ്പോൾ ബാക്കി തുക പൂർവ വിദ്യാർഥികളിൽ നിന്നും നാട്ടുകാരിൽ നിന്നും സ്പോൺസർഷിപ്പിലൂടെയാണ് കണ്ടെത്തിയത്. ഹൈടെക് സംവിധാനം ഉപയോഗിച്ചുള്ള ട്രയൽ ക്ലാസുകൾ സ്കൂളിൽ തുടങ്ങിക്കഴിഞ്ഞു. പ്രീ െപ്രെമറി മുതൽ ഏഴാം ക്ലാസ് വരെ മലയാളം, കന്നട, ഇംഗ്ലീഷ് മീഡിയങ്ങളിലായി 816 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. വാർത്തസമ്മേളനത്തിൽ പ്രധാനാധ്യാപകൻ യു. രാമ, പി.ടി.എ പ്രസിഡൻറ് കെ. സുരേന്ദ്രൻ, എസ്.എം.സി ചെയർമാൻ കെ.എൻ. വേണുഗോപാലൻ, എം.പി.ടി.എ പ്രസിഡൻറ് മൈമൂന, അശോകൻ കുണിയേരി, കെ. സുബ്രഹ്മണ്യൻ, എം. മനോജ്കുമാർ, ഇ.പി. ശോഭകുമാരി, പി.വി. ശോഭന, സർവ മംഗള റാവു, റാം മനോഹർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.