സമരം ശക്തമാക്കുമെന്ന് വയൽക്കിളി നേതാവ്

തളിപ്പറമ്പ്: വയല്‍ക്കിളികള്‍ സമരം ശക്തമാക്കുമെന്ന് കീഴാറ്റൂർ സമരനായകന്‍ സുരേഷ് കീഴാറ്റൂര്‍. സി.പി.എം പ്രവര്‍ത്തകര്‍ തീവെച്ചുനശിപ്പിച്ച പന്തലി​െൻറ സ്ഥാനത്ത് പുതിയ സമരപ്പന്തല്‍ പണിത് ഈ മാസം 25ന് മൂന്നാംഘട്ട സമരമാരംഭിക്കുമെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. സംസ്ഥാനത്തെ പരിസ്ഥിതിപ്രവര്‍ത്തകെരയും സംസ്ഥാനത്തിനകത്തും പുറത്തും നടന്ന സമാനമായ സമരപോരാട്ടങ്ങളിലെ നായകരേയും അണിനിരത്തി വിപുലമായ രീതിയിലായിരിക്കും അടുത്തഘട്ടം സമരം ആരംഭിക്കുക. വയല്‍സംരക്ഷണത്തിനായി നിയമനടപടികൾ സ്വീകരിക്കുന്നകാര്യവും ആലോചിക്കുന്നുണ്ട്. വയല്‍ നികത്തി റോഡ് നിർമിക്കുന്നതിന് പരിസ്ഥിതി അനുമതി ലഭിക്കേണ്ടതുണ്ടെന്നും കീഴാറ്റൂര്‍ വയലിന് പരിസ്ഥിതി അനുമതി ഇനിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമരരംഗത്തുള്ള തങ്ങളെ അറസ്റ്റ് ചെയ്ത് മാറ്റിയശേഷം വയൽ അളന്ന് കുറ്റിയടിച്ചാലും തങ്ങളുടെ സഹനസമരം വിജയം കണ്ടുവെന്നുതന്നെയാണ് വയൽക്കിളികളുടെ അഭിപ്രായം. വയലും തണ്ണീര്‍തടങ്ങളും നികത്തി വികസനതീവ്രവാദം നടത്തുന്നവര്‍ക്കെതിരെ ശക്തമായ ചൂണ്ടുപലകയാവാന്‍ കീഴാറ്റൂര്‍ സമരത്തിന് സാധിച്ചിട്ടുണ്ട്. വികസനവെറിയന്മാര്‍ ആരൊക്കെയാണെന്നും അവരുടെ ഉദ്ദേശ്യമെന്താണെന്നും ജനങ്ങള്‍ ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞു. കഴിഞ്ഞദിവസം അളന്ന് കല്ലിട്ട വയലില്‍ വീണ്ടും കൃഷിപ്പണികള്‍ ആരംഭിക്കുന്നതടക്കമുള്ള കാര്യങ്ങൾ വയൽക്കിളി പ്രവർത്തകർ യോഗംചേർന്ന് തീരുമാനിക്കുമെന്നും സുരേഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.