ചെറുപുഴ തടയണ തുറന്നുവിടണമെന്ന് മലബാർ പരിസ്ഥിതി സമിതി

ചെറുപുഴ: പുഴയിലെ നീരൊഴുക്ക് പൂർണമായും തടസ്സപ്പെടുത്തി കാര്യങ്കോട് പുഴക്ക് കുറുകെ ചെറുപുഴയിൽ നിർമിച്ച തടയണ തുറന്നുവിടണമെന്ന് മലബാർ പരിസ്ഥിതി സമിതി. തടയണ നിർമിച്ചത് വേണ്ടത്ര പാരിസ്ഥിതിക പഠനം നടത്താതെയാണെന്നും വെള്ളം തടഞ്ഞുനിർത്തിയതോടെ പുഴയുടെ ഒഴുക്ക് തടസ്സപ്പെട്ട് താഴ്ന്ന പ്രദേശങ്ങൾ കടുത്ത വരൾച്ചയിലാണെന്നും സമിതി പറയുന്നു. ഇത് ജനങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്കു നീങ്ങാൻ ഇടയാക്കുമെന്നും നീരൊഴുക്ക് നിലനിർത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമിതി ജില്ല കലക്ടർക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. കടുത്ത വേനൽക്കാലത്തെ നീർവാർച്ചയെക്കുറിച്ച് പഠിക്കാതെ തടയണ പണിത്, പദ്ധതിയിലുണ്ടായ പാളിച്ച മറച്ചുവെക്കാനാണ് തടയണ തുറന്നുവിടാൻ പറ്റില്ലെന്ന് ജലവിഭവ വകുപ്പ് പറയുന്നതെന്ന് സമിതി കുറ്റപ്പെടുത്തി. അനേകായിരം ജീവജാലങ്ങൾക്ക് ആശ്രയമായ പുഴയാണ് തടയണക്കു താഴെ വറ്റിവരണ്ടുകിടക്കുന്നത്. പൊതുസ്വത്തായ പുഴ കെട്ടിമുട്ടിക്കുന്നത് 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിനും 1974 ലെ ജലസംരക്ഷണ നിയത്തിനും എതിരാണ്. പുഴയിലെ ഒഴുക്കിനെ ഒരു പരിധിവരെയെങ്കിലും നിലനിർത്താൻ വേണ്ട നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിലോ പുഴയിലോ സമരം തുടങ്ങുമെന്ന് സമിതി ചെയർമാൻ ഭാസ്കരൻ വെള്ളൂർ അറിയിച്ചു. വയക്കര, പാലാവയൽ വില്ലേജുകളിൽ ജലസേചന സൗകര്യം ലക്ഷ്യമിട്ട് ഏഴ് കോടി രൂപ ചെലവിൽ 2017 മാർച്ചിൽ നിർമാണം പൂർത്തിയാക്കിയതാണ് ചെറുപുഴ വ​െൻറഡ് ചെക്ക്ഡാം കം ട്രാക്ടർ വേ. പദ്ധതിയുടെ പ്രയോജനം കർഷകർക്ക് കിട്ടിത്തുടങ്ങുന്നതിനു മുന്നേ തടയണ തുറന്നുവിട്ട് കാക്കടവിലെ ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിറ്റി രംഗത്തെത്തുകയായിരുന്നു. ഇതോടെ വിവാദത്തിലായ തടയണയിൽ കലക്ടറുടെ നിർദേശപ്രകാരം കഴിഞ്ഞദിവസം വിവിധ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തിയിരുന്നു. തടയണ തുറക്കുന്നതിനെതിരെ ചെറുപുഴ പ്രദേശത്ത് ജനരോഷം ശക്തമാകുന്നതിനിടെയാണ് പരിസ്ഥിതി സമിതി രംഗത്തെത്തിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.