കാസർകോട്: ജില്ലയിൽ വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വ്യാപാരം ശക്തിപ്പെടുന്നതിെൻറ തെളിവായി വിദ്യാർഥിയുടെ മരണം. മാങ്ങാട് കഴിഞ്ഞദിവസമുണ്ടായ വിദ്യാർഥിയുടെ ട്രെയിൻ തട്ടിയുള്ള മരണവും ഒരുവർഷം മുമ്പ് ചട്ടഞ്ചാലിൽ വൃദ്ധെൻറ മരണവും ബേഡകം മേഖലയിലെ ഒരു സ്കൂളിലെ അധ്യാപകെൻറ ആത്മഹത്യയും കൈവിട്ട് പോയ കഞ്ചാവ് വ്യാപാരത്തിെൻറ ഫലമാണെന്നാണ് പറയുന്നത്. മാങ്ങാട് വിദ്യാർഥിയുടെ മരണത്തെ തുടർന്ന് മൂന്ന് വിദ്യാർഥികളെ പൊലീസ് അറസ്റ്റ്ചെയ്തു. ഒരാളെ ജുവനൈൽ ജസ്റ്റിസ് ആക്ടിെൻറ പരിധിയിൽപെടുത്തിയാണ് അറസ്റ്റ്ചെയ്തത് എന്നത് സംഭവത്തിെൻറ ഗൗരവം വർധിപ്പിക്കുന്നു. കഞ്ചാവ് കൈവശം വെച്ചതിനും കുട്ടികൾക്ക് നൽകിയതിനുമാണ് അറസ്റ്റ്. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, വിദ്യാർഥിയുടെ മരണവും മൂന്നുപേരുടെ അറസ്റ്റും നേരിട്ട് ബന്ധപ്പെടുത്താൻ പൊലീസ് തയാറായിട്ടില്ല. ബേഡകം മേഖലയിലെ മലയോര ഹൈസ്കൂളിൽ അധ്യാപകൻ ആത്മഹത്യചെയ്ത സംഭവം കുട്ടികളിലെ കഞ്ചാവുശീലം ചോദ്യംചെയ്തതിനെ തുടർന്നാണെന്ന് പറയുന്നു. വിദ്യാർഥിയുടെ ബാഗിൽനിന്ന് കഞ്ചാവ് കണ്ടെത്തിയ അധ്യാപകനെ വിദ്യാർഥി മർദിച്ച സംഭവവുമുണ്ടായി. വിദ്യാർഥിയെ ശിക്ഷിക്കാതെയും െപാലീസിൽ റിപ്പോർട്ട് ചെയ്യാതെയും ടി.സി നൽകി വിട്ടയക്കുകയായിരുന്നു അന്ന്. ഏതാനും മാസം മുമ്പാണ്, ചട്ടഞ്ചാലിൽ കഞ്ചാവ് മാഫിയയുടെ വണ്ടിയിടിച്ച് പരിക്കേറ്റ വൃദ്ധൻ മരിച്ചത്. ഇടിച്ച വണ്ടി നിർത്താതെ പോവുകയും പിന്നീട് തിരികെ വന്ന് വൃദ്ധനെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. കഞ്ചാവ് കൈമാറാനാണ് പോയത് എന്ന് ആരോപണമുണ്ടാവുകയും സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ ചട്ടഞ്ചാലിലെ പെട്ടിക്കട കത്തിക്കുകയും ചെയ്തിരുന്നു. ഇൗ പെട്ടിക്കട കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടന്നിരുന്നുവെന്നായിരുന്നു ആക്ഷേപം. പെട്ടിക്കട നശിപ്പിച്ചതിന് ഏതാനും പേർക്കെതിരെ ജാമ്യമില്ല വകുപ്പനുസരിച്ച് കേസെടുത്തുവെന്നല്ലാതെ കഞ്ചാവ് മാഫിയയുടെ തുടർനീക്കങ്ങൾ പിന്തുടർന്ന് പിടിക്കാൻ പൊലീസ് തയാറായില്ല. കഞ്ചാവിെൻറ സ്രോതസ്സ് കണ്ടെത്താൻ അധ്യാപകരും വിദ്യാർഥികളും തയാറായാൽ മാത്രമേ നടപടി യെടുക്കാനാവുകയുള്ളൂവെന്ന് ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ 'മാധ്യമ'ത്തോട് പറഞ്ഞു. മാങ്ങാട് സംഭവത്തിെൻറ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും യോഗം വിളിച്ചുചേർക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.