കാഞ്ഞങ്ങാട്: ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി കളനാട്ടെ ജസീമിെൻറ മരണത്തിൽ സംശയകരമായി ഒന്നുമില്ലെന്നും മർദനമേറ്റതിന് തെളിവില്ലെന്നും ബേക്കൽ പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദേഹത്ത് മറ്റ് മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. ട്രെയിൻതട്ടിയാണ് മരിച്ചതെന്നും ബേക്കൽ സി.െഎ വിശ്വംഭരൻ 'മാധ്യമ'ത്തോട് പറഞ്ഞു. ജസീമിെൻറ മരണവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായ മൂന്നുപേരെയും കഞ്ചാവ് കൈവശംവെച്ച കുറ്റത്തിനാണ് അറസ്റ്റ്ചെയ്തത്. കളനാട്ടെ സമീർ (20), വിനീഷ് എന്ന ബബ്ലു (20), ജസീമിെൻറ സഹപാഠിയായ 16കാരൻ എന്നിവർക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് ജസീം കളനാട് റെയിൽവേ പാളത്തിനു സമീപം ട്രെയിൻതട്ടി മരിച്ചത്. പാളത്തിലൂടെ മൊബൈൽ നോക്കിക്കൊണ്ട് നടന്ന ജസീമിനെ മംഗളൂരു ഭാഗത്തുനിന്ന് വരുകയായിരുന്ന മലബാർ എക്സ്പ്രസ് തട്ടിത്തെറിപ്പിച്ചതായാണ് അറസ്റ്റിലായവർ പൊലീസിനു നൽകിയ മൊഴി. ഏറെ തിരഞ്ഞെങ്കിലും ജസീമിനെ കണ്ടെത്തിയില്ലെന്നും സംഭവം പുറത്തറിയുമെന്ന് ഭയന്ന തങ്ങൾ അവിടംവിട്ട് പോവുകയായിരുന്നുവെന്നും പിടിയിലായവർ പറയുന്നു. നാലുദിവസം കഴിഞ്ഞാണ് ജസീമിെൻറ മൃതദേഹം റെയിൽവേ ട്രാക്കിനു സമീപത്തെ ഓവുചാലിൽനിന്ന് കണ്ടെത്തിയത്. മാങ്ങാട് ചോയിച്ചിങ്കലിൽ താമസിക്കുന്ന ജാഫർ--ഫരീദ ദമ്പതികളുടെ മകനാണ് ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥിയായിരുന്ന മുഹമ്മദ് ജസീം. അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഒഴികെയുള്ളവരെ ഹോസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും 16കാരനെ കാസർകോട് ജുവനൈൽ കോടതിയിലും ഹാജരാക്കുമെന്നും ബേക്കൽ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.