പയ്യന്നൂർ: ഏതെങ്കിലും ഒരു പ്രവർത്തനത്തിലൊതുങ്ങുന്നതല്ല രാമന്തളി കുന്നരുവിലെ കെ. ദേവിയുടെ ജീവിതം. കലയും വിപ്ലവവും നിയമപഠനവും ഒക്കെ ഒരേസമയത്ത് കൊണ്ടുപോകാനാകുന്നു ഈ 55കാരിക്ക് വർത്തമാനത്തിലും. ഒപ്പം കുടുംബഭരണവും കൂടിയാകുമ്പോൾ ജീവിതം മാതൃകതന്നെ. എസ്.എഫ്.ഐയിലൂടെയാണ് ദേവി പൊതുരംഗത്ത് സജീവമായത്. ഇതിനുശേഷം ഡി.വൈ.എഫ്.ഐയിൽ സജീവമാകുന്നതിനിടയിലാണ് നക്സൽ പ്രസ്ഥാനത്തിൽ ആകൃഷ്ടയാകുന്നത്. ഏറക്കാലം സി.പി.ഐ-എം.എൽ പ്രവർത്തകയായി. അജിത ഉൾപ്പെടെയുള്ള നേതാക്കളുമായി ബന്ധപ്പെടാൻ അവസരം കൈവന്നതോടെ സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെ കൂടെയായി. '90കളിൽ കോഴിക്കോട് നടന്ന സ്ത്രീവിമോചനത്തിനായുള്ള അഖിലേന്ത്യാ സമ്മേളനത്തിെൻറ പ്രവർത്തകയായി. സ്ത്രീവേദി സംസ്ഥാന സമിതി അംഗം, പയ്യന്നൂരിൽ രൂപംകൊണ്ട പ്രബുദ്ധതയുടെ സംഘാടക തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഇതിനിടയിൽതന്നെ കുടുംബബന്ധങ്ങളിൽ ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർക്കാനും അടിച്ചമർത്തപ്പെടുന്ന സ്ത്രീകളുടെ വിമോചനത്തിലും സജീവമായി. പയ്യന്നൂരിൽ ചുട്ടുകൊന്ന ഹക്കീമിെൻറ കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് 13 ദിവസം നിരാഹാരസമരം നടത്തി മറ്റൊരു വിപ്ലവമെഴുതി. അനീതിയോട് കലഹിക്കുന്ന മനസ്സിൽ കലയ്ക്ക് ഇടമുണ്ടെന്ന് തെളിയിച്ച് 48ാം വയസ്സിൽ ഭരതനാട്യം പഠിച്ചതാണ് ദേവിയുടെ ജീവിതത്തിലെ മറ്റൊരു വ്യതിരിക്തത. അരങ്ങേറ്റത്തോടെ അവസാനിപ്പിച്ചില്ല കലാപഠനം. പിലാത്തറ ലാസ്യയിൽനിന്ന് ഭരതനാട്യത്തിൽ ഡിഗ്രി സ്വന്തമാക്കി. ഭരതനാട്യത്തിലെ ഈ ബി.എകാരിയുടെ പഠനം പേക്ഷ ഇവിടെയും ഒതുങ്ങുന്നില്ല. പല പ്രശ്നങ്ങളിലും ഇടപെടുമ്പോൾ നിയമത്തെക്കുറിച്ച് അൽപം പരിജ്ഞാനം വേണമെന്ന തീരുമാനം സ്വാഭാവികമാണ്. എന്നാൽ, ഇത് മനസ്സിൽ കൊണ്ടുനടക്കുക മാത്രമല്ല ചെയ്തത്. ഉഡുപ്പിയിൽ ഒരു സ്വകാര്യ നിയമപഠന കോളജിൽ എൽഎൽ.ബിക്ക് ചേർന്നത് അടുത്തകാലത്ത്. എന്നാൽ, സമയക്കുറവുകാരണം പഠനം ഇടക്കുവെച്ച് മുടങ്ങുമോ എന്ന ഭയത്തിലാണ് ദേവി. പൊതുപ്രവർത്തനത്തിനിടയിൽ പഠിച്ച പണിയെടുക്കാനാവാത്ത സ്ഥിതിയും ഉണ്ട്. വർഷങ്ങൾക്കു മുമ്പുതന്നെ ജേണലിസം പി.ജി ഡിപ്ലോമയെടുത്ത ദേവിക്ക് പേക്ഷ പത്രപ്രവർത്തകയാകാൻ സാധിച്ചില്ല. ഇപ്പോൾ സി.പി.ഐ-എം.എൽ റെഡ് ഫ്ലാഗ് കണ്ണൂർ ജില്ല സെക്രട്ടറിയാണ്. അനീതിയും സ്ത്രീപീഡനവും കാണുമ്പോൾ അതിനെതിരെയുള്ള പ്രതികരണം ഏറെ ശത്രുക്കളെ സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും, പോരാട്ടം തുടരുകയാണ്. ഒപ്പം ഫാഷിസത്തിനും മതേതരത്വത്തെ തകർക്കുന്നതിനെതിരെയും തീവ്രമായി കലഹിക്കുന്ന മനസ്സ് ഈ സ്ത്രീവിമോചന പ്രവർത്തക എന്നും കൊണ്ടുനടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.