ഉദ്യോഗസ്ഥരില്ല​​​​; താലൂക്ക് സഭ പ്രഹസനമാകുന്നു

തലേശ്ശരി: താലൂക്ക് സഭയില്‍ ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം കുറയുന്നതായി ആക്ഷേപം. എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിൽ ഉദ്യോഗസ്ഥർ പലരും വിട്ടുനിന്നത് വിവാദത്തിനിടയാക്കി. യോഗത്തിൽ ജനപ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുണ്ടായില്ല. ഉള്‍നാടന്‍ ജലപാത, ശുദ്ധജല വിതരണം, റോഡ് നിര്‍മാണം തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴാണ് ഉത്തരം പറയാന്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തിലില്ലെന്ന് വ്യക്തമായത്. ഉള്‍നാടന്‍ ജലപാത സംബന്ധിച്ച് ഒരു ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കാന്‍ യോഗത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല. ജലപാത കടന്നുപോകുന്ന വഴികളെക്കുറിച്ചും വ്യക്തതയില്ലായിരുന്നു. കഴിഞ്ഞ ദിവസം ഉള്‍നാടന്‍ ജലപാതക്കെതിരെ താലൂക്ക് ഓഫിസിലേക്ക് ജനകീയ മാര്‍ച്ച് നടന്നിരുന്നു. ഈ സാഹചര്യത്തില്‍ ജലപാത സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്. വടക്കുമ്പാട്, ബാലം, കൊളശ്ശേരി, നിട്ടൂര്‍ തുടങ്ങി നഗരത്തിലെ ഒമ്പത് വാര്‍ഡുകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടായി. ഇതിനും വ്യക്തമായ മറുപടി നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരാരും യോഗത്തിലില്ലായിരുന്നു. റോഡ് സംബന്ധിച്ച് ഉയര്‍ന്ന ചര്‍ച്ചകള്‍ക്ക് മറുപടി പറയാനായി എഴുേന്നറ്റ ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ എൻജിനീയറുടെ ശ്രദ്ധയില്‍പെടുത്താമെന്ന് അറിയിച്ചതോടെയാണ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ അഭാവം പ്രകടമായത്. ക്ലര്‍ക്ക് തസ്തികയിലുള്ള ഉദ്യോഗസ്ഥനാണ് യോഗത്തിനെത്തിയത്. ഇതോടെ എം.എല്‍.എ ഷംസീർ യോഗത്തിൽ അതൃപ്തി അറിയിക്കുകയും വരാത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ മിനുട്‌സില്‍ രേഖപ്പെടുത്താനും നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.