സമ്പൂര്‍ണ അവയവദാന ഗ്രാമമാകാൻ നിടുവാലൂർ ഒരുങ്ങുന്നു

കണ്ണൂര്‍: ചെങ്ങളായി പഞ്ചായത്തിലെ നിടുവാലൂര്‍ സമ്പൂര്‍ണ അവയവദാന ഗ്രാമമാകാൻ ഒരുങ്ങുന്നു. ഇ.എം.എസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തി​െൻറ നേതൃത്വത്തിലാണ് 'ഇന്ദ്രിയ-2018 മൃതസഞ്ജീവനിക്ക് നിടുവാലൂരി​െൻറ കൈയൊപ്പ്' എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ചത്. നിടുവാലൂരിലെ കുടുംബശ്രീ, സ്വാശ്രയസംഘങ്ങള്‍, ക്ലബുകള്‍, മറ്റു സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അവയവദാനത്തില്‍ സര്‍ക്കാര്‍ സംവിധാനമായ മൃതസഞ്ജീവനിയില്‍ നാട്ടിലെ പരമാവധി ആളുകളുടെയും പേര് രജിസ്റ്റർചെയ്യുകയാണ് പദ്ധതി. നിടുവാലൂരിലെ 448 കുടുംബങ്ങളില്‍നിന്നായി 1500ല്‍പരം ആളുകളെയാണ് പദ്ധതിയിൽ അംഗങ്ങളാക്കുന്നത്. ഇതിനായി ഒരുമാസം നീണ്ടുനില്‍ക്കുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുകഴിഞ്ഞു. ആദ്യഘട്ടത്തില്‍ നിടുവാലൂരിലെ 12 കുടുംബശ്രീ, ആറ് സ്വാശ്രയസംഘങ്ങള്‍, രണ്ട് ക്ലബുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രാഥമിക ബോധവത്കരണമാണ് നടന്നത്. രണ്ടാം ഘട്ട ബോധവത്കരണം കഴിഞ്ഞദിവസം ആരംഭിച്ചു. കുടുംബത്തിലെ പരമാവധി അംഗങ്ങളെ അവയവദാനത്തിന് സന്നദ്ധമാക്കും. തുടര്‍ന്ന് ഏപ്രില്‍ ഏഴ്, എട്ട് തീയതികളില്‍ നടക്കുന്ന വായനശാല വാര്‍ഷികത്തില്‍ അവയവദാനഗ്രാമ പ്രഖ്യാപനം നടത്തും. നിടുവാലൂര്‍ ഗ്രാമത്തില്‍ 250 കുടുംബശ്രീ അംഗങ്ങളാണുള്ളത്. സംസ്ഥാനത്തെ പ്രമുഖ അവയവദാന വളൻറിയറായ ഫാ. മാത്യു നിലമ്പൂരാണ് ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്തെ ആദ്യ സമ്പൂർണ അവയവദാന ഗ്രാമമാകാനാണ് നിടുവാലൂർ ഒരുങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.