നീലേശ്വരം: ചങ്ങനും പൊങ്ങനും തെങ്ങിൽ കയറിയത് ഭക്തർക്ക് വേറിട്ട കാഴ്ചയായി. ചാത്തമത്ത് ആലയിൽ പാടാർ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ചാണ് ചങ്ങനും പൊങ്ങനും അരങ്ങിലെത്തിയത്. ദൈവീക പരിവേഷമുണ്ടെങ്കിലും വേഷഭൂഷാദികൾ ഏറെയില്ലാത്ത തെയ്യങ്ങളാണ് ഇവ. മരംകയറുന്ന തെയ്യങ്ങളായാണ് ഇവരെ അറിയപ്പെടുന്നത്. ക്ഷേത്രത്തിലെ പ്രധാന തെയ്യക്കോലമായ പാടാർ കുളങ്ങര ഭഗവതിയുടെ ദ്വാരപാലകരാണ് ചങ്ങനും പൊങ്ങനുമെന്നാണ് വിശ്വാസം. പ്രാകൃതമായ വേഷവും മുഖം മൂടിയുമണിഞ്ഞ ഇവരുടെ ആയുധം തെങ്ങിെൻറ മടലാണ്. ക്ഷേത്രസന്നിധിയിൽ ഉറഞ്ഞാടിയ ചങ്ങനും പൊങ്ങനും ഭക്തർക്കിടയിൽ നർമം വിതറി. തുടർന്ന് 12 കണ്ടംപറമ്പിൽ ചെന്ന് ഓരോ പറമ്പിലെയും ഓരോ തെങ്ങിൽ കയറി തേങ്ങ പറിച്ചിട്ടു. തുടർന്ന് വാദ്യമേളങ്ങളോടെയും പുരുഷാരവത്തിെൻറയും അകമ്പടിയോടെ ഇരുവരും ചാത്തമത്ത് ഗ്രാമം മുഴുവൻ സന്ദർശിച്ചു. വീടുകളിൽ കയറി അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞ് കാണിക്കയും വാങ്ങി. രാവേറെ ചെന്ന ശേഷമാണ് ചങ്ങനും പൊങ്ങനും ക്ഷേത്രത്തിൽ തിരിച്ചെത്തിയത്. മൂന്ന് വർഷത്തിലൊരിക്കലാണ് ഈ തെയ്യക്കോലം കെട്ടിയാടാറ്. വണ്ണാൻ സമുദായക്കാരാണ് പ്രധാനമായും ഈ തെയ്യക്കോലം കെട്ടിയാടാറ്. പറശ്ശിനിക്കടവിലെ അശ്വന്തും നീലേശ്വരം പുതുക്കൈയിലെ സുമേഷുമാണ് ചങ്ങനും പൊങ്ങനും കെട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.