കാസർകോട്: കേന്ദ്ര സർവകലാശാലയുടെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എട്ട് പഠനവകുപ്പുകൾ അടുത്ത അധ്യയന വർഷം സ്വന്തം കെട്ടിടമായ പെരിയ തേജസ്വിനി ഹിൽസിലേക്ക് മാറും. ഇതോടെ 'കേന്ദ്ര' സർവകലാശാല പൂർണാർഥത്തിൽ നടപ്പാകുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 23 പഠന വകുപ്പുകൾ ചിതറിക്കിടക്കുകയാണ്. കെട്ടിടങ്ങൾ വർധിക്കുന്നതിനനുസരിച്ച് പുതിയ വകുപ്പുകളും ക്ലാസുകളും വർധിക്കുന്നുണ്ട്. എട്ട് പുതിയ അക്കാദമിക് കെട്ടിടങ്ങളുടെ നിർമാണം ദ്രുതഗതിയിൽ നടന്നുവരുന്നു. ഇവയുടെ നിർമാണം അടുത്ത അധ്യയന വർഷാരംഭത്തോടുകൂടി പൂർത്തിയാകും. 2009ൽ വിദ്യാനഗറിലെ വാടകക്കെട്ടിടത്തിൽ ആരംഭിച്ച സർവകലാശാല ഇന്ന് 23 വിവിധ പഠന വകുപ്പുകളോടുകൂടി വിദ്യാനഗർ, പെരിയ, പടന്നക്കാട്, കുണിയ കാമ്പസുകളിലും തിരുവനന്തപുരം ക്യാപിറ്റൽ സെൻററിലും പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിയമപഠന കാമ്പസിലുമായി പ്രവർത്തിച്ചുവരുകയാണ്. 99 ബിരുദ വിദ്യാർഥികളും 1000 ബിരുദാനന്തര ബിരുദ വിദ്യാർഥികളും 300 ഗവേഷണ വിദ്യാർഥികളും സർവകലാശാലയിൽ പഠിക്കുന്നുണ്ട്. മൂന്നു വർഷത്തിനിടയിൽ അനുവദിച്ച അധ്യാപക തസ്തികകളിൽ 80 ശതമാനവും നിയമനം നടത്താൻ സർവകലാശാലക്ക് സാധിച്ചു. രണ്ട് ഹോസ്റ്റലുകളിലുമായി 420 വിദ്യാർഥിനി--വിദ്യാർഥികൾക്ക് പ്രവേശനം നൽകി. പെരിയ കാമ്പസിൽ നിലവിലുള്ള വനിത ഹോസ്റ്റലിൽ 160 പേർ താമസിക്കുന്നുണ്ട്. സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർഥികളിൽ 41.4 ശതമാനം പേർക്കും ഹോസ്റ്റൽ സൗകര്യം നൽകാൻ സാധിക്കുന്നുണ്ടെന്ന് സ്ഥാപക ദിനത്തിെൻറ ഭാഗമായി വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ട് സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് ഡോ. എം. മുരളീധരൻ നമ്പ്യാർ, സംഘാടക സമിതി കോഓഡിനേറ്റർ പ്രഫ. കെ.പി. സുരേഷ്, മീഡിയ റിലേഷൻസ് ഓഫിസർ ഡോ. ടി.കെ. അനീഷ്കുമാർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.