പണമടച്ച് പാസ്പോർട്ട് കവറുകൾ വാങ്ങാൻ അപേക്ഷകരെ നിർബന്ധിക്കുന്നതായി പരാതി

തൃക്കരിപ്പൂർ: പാസ്പോർട്ട് സേവാകേന്ദ്രങ്ങളിൽ പാസ്പോർട്ട് കവറുകൾ വാങ്ങാൻ അപേക്ഷകരിൽ സമ്മർദം ചെലുത്തുന്നതായി പരാതി. പാസ്പോർട്ട് അപേക്ഷയുമായി ബന്ധപ്പെട്ട എസ്.എം.എസ് മൊബൈലിൽ അയക്കാനും വലിയ തുകയാണ് ഈടാക്കുന്നത്. കഴിഞ്ഞദിവസം പയ്യന്നൂരിലെ പാസ്പോർട്ട് സേവാകേന്ദ്രത്തിലെത്തിയ വീട്ടമ്മയിൽനിന്ന് കവറിനായി 350 രൂപയാണ് ഈടാക്കിയത്. സംഭവത്തിൽ പാസ്പോർട്ട് ഓഫിസർക്ക് പരാതി അയച്ചിട്ടുണ്ട്. പ്രധാനരേഖയായ പാസ്പോർട്ട് കേടുവന്നാൽ 4000 രൂപയോളം പിഴയൊടുക്കേണ്ടിവരുമെന്ന് പറഞ്ഞാണ് കൗണ്ടറിലെ ഉദ്യോഗസ്ഥൻ പണമടപ്പിച്ചത്. വനിത അപേക്ഷകരിൽനിന്നാണ് ഇത്തരത്തിൽ കൂടുതലും കവറിന് പണമീടാക്കുന്നത്. 350, 450, 550 എന്നിങ്ങനെ മൂന്നുനിരക്കിലുള്ള കവറുകളാണ് അപേക്ഷകരെ കാത്തിരിക്കുന്നത്. ഏതു വേണമെന്ന് തീരുമാനിക്കാനും ആവശ്യപ്പെടും. അതേസമയം, കവറുകൾ ആവശ്യക്കാർ മാത്രം വാങ്ങിയാൽ മതിയെന്നാണ് കേന്ദ്രസർക്കാറി​െൻറ പാസ്പോർട്ട് പോർട്ടലിൽ വ്യക്തമാക്കിയിട്ടുള്ളത്. പോളി യൂറത്തീൻ, ലെതർ എന്നിങ്ങനെയുള്ള വകഭേദങ്ങളിൽ കവറുകൾ ലഭ്യമാണെന്ന് വെബ്സൈറ്റ് പറയുന്നു. 'താൽപര്യമുള്ളവർ'ക്ക് 'എ' കൗണ്ടറിൽ ആവശ്യപ്പെട്ട് പണമടച്ചാൽ വീട്ടിൽ എത്തിച്ചുനൽകുമെന്നാണ് ഇതുസംബന്ധിച്ച വിശദീകരണം. കവർവാങ്ങൽ നിർബന്ധമല്ലെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. കവർ ആരെയും അടിച്ചേൽപിക്കാറില്ലെന്ന് സേവാകേന്ദ്രവുമായി ബന്ധപ്പെട്ടവർ പറയുന്നു. അതേസമയംതന്നെ കവർകച്ചവടവും പൊടിപൊടിക്കുകയാണ്. അപേക്ഷകൻ ആവശ്യപ്പെടാതെ തന്നെ സേവാകേന്ദ്രത്തിൽനിന്ന് എസ്.എം.എസ് അയക്കാൻ പണമീടാക്കുന്നതായും പരാതിയുണ്ട്. അപേക്ഷയുടെ വിശദാംശം പോർട്ടലിൽനിന്ന് അറിയാമെന്നിരിക്കെ രണ്ട് മെസേജുകൾ അയക്കുന്നതിന് 45 രൂപയാണ് ഒരാളിൽനിന്ന് ഈടാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.