കുളങ്കരകുളത്തിലക്ക്​ വരൂ, നീന്തിത്തുടിക്കാം

പഴയങ്ങാടി: ഇത് കുളങ്കരപ്പള്ളിക്കുളം. പഴയങ്ങാടി പിലാത്തറ കെ.എസ്.ടി.പി പാതക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്ന കുളങ്കരപ്പള്ളിയുടെ അനുബന്ധ കുളം. സാധാരണ പള്ളിക്കുളങ്ങളിലെ കുട്ടികളുടെ നീന്തൽക്കാഴ്ചകളിൽനിന്ന് തീർത്തും വ്യത്യസ്തമാണ് ഇവിടത്തെ കാഴ്ച. 1900ത്തിൽ കുളങ്കരപ്പള്ളിയോടൊപ്പം അനുബന്ധമായി നിർമിച്ചതാണ് കുളം. 118 വർഷം പിന്നിടുമ്പോഴും പ്രായഭേദമന്യേ നീന്താനെത്തുന്നവരുടെ എണ്ണം വർധിച്ചുവരുകയാണ്. ജീവിതത്തിലെ വിവിധ മേഖലയിലുള്ളവർ ഈ കുളത്തിൽ നീന്താനെത്തുന്നു. ശരാശരി മുന്നൂറിലേറെ ആളുകളാണ് നീന്തിക്കുളിക്കാനെത്തുന്നത്. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ആളുകൾ എത്തിത്തുടങ്ങിയതോടെ പള്ളിക്കമ്മിറ്റി ഭാരവാഹികൾക്ക് കുളം ഉപയോഗിക്കുന്നതിന് സമയനിയന്ത്രണം ഏർെപ്പടുത്തേണ്ട അവസ്ഥയായി. മൂന്നുവർഷം മുമ്പാണ് കുളത്തി​െൻറ സംരക്ഷണാർഥം വേലി സ്ഥാപിച്ച് കുളിക്കാനുള്ള സമയം ക്രമീകരിച്ചത്. രാവിലെ അഞ്ചുമുതൽ ഒമ്പതുമണിവരെയാണ് ഇപ്പോൾ കുളത്തിൽ നീന്തിക്കുളിക്കാൻ പൊതു ജനങ്ങൾക്ക് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. ഞായറാഴ്ച ദിവസങ്ങളിൽ ഏതാണ്ട് വൈകുന്നേരംവരെ കുളിക്കാൻ കുളം ഉപയോഗപ്പെടുത്തുന്നുണ്ട്. മഴക്കാലത്ത് മാടായിപ്പാറ പുറന്തള്ളുന്ന ഭൂഗർഭജലത്തി​െൻറ അതിശക്തമായ മൂന്ന് ഉറവകൾ ഈ കുളത്തിലേക്കാണ് ഒഴുകുന്നത്. ജൂണിൽ തുടങ്ങുന്ന ഭൂഗർഭജലത്തി​െൻറ ഈ ഒഴുക്ക് ഒക്ടോബർ വരെ തുടരുന്നു. ഭൂഗർഭജലസാന്നിധ്യം കാരണം കുളത്തിൽ വെള്ളം കെട്ടി നിൽക്കാത്തതിനാൽ ജലം സ്ഫടികസമാനമാണെന്നതാണ് ജനത്തെ പ്രധാനമായും ആകർഷിക്കുന്നത്. തലാട്ടും വെള്ളമെന്നാണ് ഈ ജലധാരകൾ അറിയപ്പെടുന്നത്. കുളത്തിൽ മണിക്കൂറുകൾ നീന്തൽ കഴിഞ്ഞ് തലാട്ടും വെള്ളത്തിൽ തല നീരാടിയാണ് ഇവിടെ കുളിക്കാനെത്തുന്നവർ കുളി അവസാനിപ്പിക്കുന്നത്. ദിവസം പത്തുലക്ഷം ലിറ്റർ വെള്ളമാണ് ഈ ജലധാരവഴി ഭൂഗർഭ ജലം പുറത്തേക്കൊഴുക്കുന്നത്. അത്യന്താധുനിക ലാബുകളിൽ നടത്തിയ പരിശോധനകളിൽ ഏഷ്യയിൽ ലഭിക്കാവുന്ന ഏറ്റവും നല്ല മിനറൽ ജലമായി ഇതു തെളിയിക്കപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.