കൂത്തുപറമ്പ്: കാലവർഷം കനത്തതോടെ കൊട്ടിയോടി-ചെറുവാഞ്ചേരി റൂട്ടിലെ ചീരാറ്റയിൽ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതിനെ തുടർന്ന് ഗതാഗതം ദുഷ്കരമായി. ചീരാറ്റ പാട്യം ഗോപാലൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണ് വെള്ളം കെട്ടിനിൽക്കുന്നത്. മുട്ടോളം വെള്ളത്തിലൂടെയാണ് വിദ്യാർഥികൾ ഉൾപ്പെടെ ഇതുവഴി കടന്നുപോകുന്നത്. ബൈക്കടക്കമുള്ള ചെറുവാഹനങ്ങളും ഏറെ പ്രയാസപ്പെട്ടാണ് വെള്ളം 'നീന്തി'ക്കയറുന്നത്. മുൻവർഷങ്ങളിലും ഈഭാഗത്ത് റോഡിൽ വലിയകുഴികൾ രൂപപ്പെട്ടിരുന്നു. കാലവർഷം കഴിയുന്നതോടെ കുഴികളടച്ച് ഗതാഗതയോഗ്യമാക്കുകയാണ് അധികൃതർ ചെയ്തുകൊണ്ടിരുന്നത്. കൊട്ടിയോടി-ചെറുവാഞ്ചേരി-കണ്ണവം റോഡ് നവീകരണത്തോടെ റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാൽ, മറ്റ് ഭാഗങ്ങളിലെല്ലാം മെക്കാഡം ടാറിങ് ഉൾപ്പെടെ പൂർത്തിയായെങ്കിലും വെള്ളക്കെട്ട് രൂപപ്പെടുന്ന 100 മീറ്ററോളം ദൂരത്തെ നവീകരണം മാറ്റിവെച്ചു. റോഡ് ഉയർത്തുമെന്ന ന്യായീകരണം പറഞ്ഞാണിത്. എന്നാൽ, പ്രവൃത്തി ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് ഉയർത്താൻ അധികൃതർ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.