രണ്ടു തൊഴിലാളികള്‍ക്ക് പരിക്ക് കേളകം: ആറളം ഫാമിൽ കാട്ടാനകളുടെ വിളയാട്ടം വീണ്ടും. ഫാമില്‍ തൊഴിലാളികള്‍ക്ക് ഭീഷണിയായി കാട്ടാനക്കൂട്ടം വിഹാരം തുടങ്ങിയതോടെ പ്രതിസന്ധി രൂക്ഷമായി. കാട്ടാനകളുടെ അക്രമത്തിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. തെങ്ങുകയറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ തൊഴിലാളികള്‍ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ആറളം ഫാം ഒന്നാം ബ്ലോക്കില്‍ ഇറങ്ങിയ കാട്ടാനകളാണ് തൊഴിലാളികളെ ഓടിച്ചത്. ജോലിക്കെത്തിയ തൊഴിലാളികള്‍ കൃഷിയിടത്തില്‍ ഇറങ്ങിയപ്പോള്‍ കാട്ടാനകള്‍ ചിന്നം വിളിച്ച് ഓടിയെത്തുകയായിരുന്നു. ആനയെ കണ്ട് തൊഴിലാളികള്‍ ഭയന്ന് ഓടി. ഇതിനിടയിലാണ് തൊഴിലാളികളായ ജോസിനും രവിക്കും പരിക്ക് പറ്റിയത്. ബൈക്കില്‍ ഫാമിനകത്തുകൂടെ സഞ്ചരിക്കുകയായിരുന്ന സാദത്തിനെയും കാട്ടാന ഓടിച്ചു. ബൈക്കില്‍നിന്ന് സാദത്ത് ഇറങ്ങി ഓടിയതിനാല്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഫാമിനകത്ത് തമ്പടിച്ച നാലു കാട്ടാനകളാണ് അക്രമകാരികളാകുന്നത്. പല തൊഴിലാളികളും കാട്ടാനകളെ പേടിച്ച് ജോലിക്ക് എത്തുന്നില്ല. രാത്രിസമയങ്ങളില്‍ പാലപ്പുഴ--കീഴ്പള്ളി റോഡരികില്‍ ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത് ഇതുവഴിയുള്ള യാത്ര ഭീതിപരത്തുകയാണ്. കാട്ടാനകളെ കാട്ടിലേക്ക് തുരത്താന്‍ ഫാം അധികൃതര്‍ക്കും വനംവകുപ്പിനും സാധിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.