കാലവർഷം: ജില്ലയിൽ 5.7 കോടിയുടെ നാശനഷ്​ടം

കണ്ണൂർ: ശക്തമായ കാലവർഷത്തെ തുടർന്നുള്ള മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടം. കാലവർഷം ആരംഭിച്ച മേയ് 29 മുതൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മൂന്ന് വീടുകൾ പൂർണമായും 550ലേറെ വീടുകൾ ഭാഗികമായും തകർന്നു. 1.5 കോടിയുടെ നഷ്ടമാണ് ഇതിലൂടെ കണക്കാക്കപ്പെടുന്നത്. ജൂൺ 12 വരെയുള്ള കണക്കുകൾപ്രകാരം കണ്ണൂർ താലൂക്കിലാണ് വീടുകൾക്ക് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. 230 വീടുകൾ ഇവിടെ ഭാഗികമായി തകർന്നു. തലശ്ശേരി -92, പയ്യന്നൂർ -97, തളിപ്പറമ്പ് -80, ഇരിട്ടി -67 എന്നിങ്ങനെയാണ് മറ്റു താലൂക്കിൽ നാശനഷ്ടങ്ങളുണ്ടായ വീടുകൾ. തളിപ്പറമ്പ് താലൂക്കിലെ അയ്യൻകുന്ന് പ്രദേശത്താണ് മൂന്ന് വീടുകൾ പൂർണമായും തകർന്നത്. ഇതിനുപുറമെ റോഡുകൾ, കിണറുകൾ, തൊഴുത്തുകൾ എന്നിവയും ഭാഗികമായി തകർന്നു. ഇതുവരെ ജില്ലയിൽ 4.2 കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായതായി പ്രിൻസിപ്പൽ കൃഷി ഓഫിസർ ജില്ല കലക്ടർക്ക് റിപ്പോർട്ട്ചെയ്തു. വാഴ, തെങ്ങ്, റബർ എന്നിവയെയാണ് കാലവർഷം പ്രധാനമായും ബാധിച്ചത്. കാറ്റിലും മഴയിലുമായി 50,000ത്തോളം വാഴകൾ നശിച്ചു. കല്യാശ്ശേരി, ചിറ്റാരിപ്പറമ്പ്, നടുവിൽ കൃഷിഭവനുകൾക്ക് കീഴിലെ പ്രദേശങ്ങളിലാണ് കൂടുതലായി കൃഷിനാശം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജൂൺ 11ലെ മഴയിലായിരുന്നു ഏറ്റവും കൂടുതൽ കൃഷിനാശം. 8500 വാഴകൾ, 850ലേറെ റബർ മരങ്ങൾ, 250ലേറെ തെങ്ങുകൾ, കവുങ്ങുകൾ എന്നിങ്ങനെ 1.23 കോടി രൂപയുടെ നഷ്ടം ഈ ദിവസമുണ്ടായി. 12നുണ്ടായ മഴയിലും ഒരുകോടിയിലേറെ രൂപയുടെ കൃഷിനാശം റിപ്പോർട്ട് ചെയ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.