ഫ്ലക്​സ്​ ബോർഡുകൾ പത്തുദിവസത്തിനകം നീക്കണം -ആസൂത്രണസമിതി

കണ്ണൂർ: ജില്ലയിൽ സ്ഥാപിച്ച എല്ലാവിധത്തിലുമുള്ള പി.വി.സി ഫ്ലക്‌സ് ബോർഡുകളും 10 ദിവസത്തിനകം നീക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ല ആസൂത്രണ സമിതി യോഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ലോകകപ്പ് ഫുട്‌ബാളുമായി ബന്ധപ്പെട്ട് സ്ഥാപിച്ച കൂറ്റൻ ഫ്ലക്‌സ് ബോർഡുകൾ ഉൾപ്പെടെ മാറ്റാൻ നടപടി സ്വീകരിക്കണം. പരിസ്ഥിതിസൗഹൃദമായ വസ്തുക്കൾ ഉപയോഗിക്കാൻ ഫുട്ബാൾ പ്രേമികളും ക്ലബുകളും ശ്രദ്ധവെക്കണം. ഒരു കാരണവശാലും പി.വി.സി ഫ്ലക്‌സ് ബോർഡുകൾ വെക്കാൻ അനുവദിക്കരുത്. ഇതുസംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളും വ്യാപാരി വ്യവസായികളും സമ്മതം അറിയിച്ചിട്ടുണ്ട്. സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് മുഖേന നിർദേശം നൽകി. ഫ്ലക്‌സ് നിരോധനം സംബന്ധിച്ച് ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച കണ്ണൂർ കോർപറേഷനെ ജില്ല ആസൂത്രണ സമിതി ചെയർമാനായ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അഭിനന്ദിച്ചു. മാലിന്യസംസ്‌കരണ പ്രവർത്തനത്തി​െൻറ ഭാഗമായി ശേഖരിച്ചുവെച്ച പ്ലാസ്റ്റിക് നീക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്നും യോഗം നിർദേശിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിനായി ജാഗ്രതയോടെ പ്രവർത്തിക്കണം. കാലവർഷക്കെടുതികളും അത്യാഹിതങ്ങളും ഉണ്ടാവുമ്പോൾ ജില്ല ഭരണകൂടവും റവന്യൂ അധികൃതരുമായി ബന്ധപ്പെട്ട് ഏകോപനത്തോടെ പ്രവർത്തിക്കാനും കെടുതികൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേന്ദ്രങ്ങളിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും യോഗം നിർദേശിച്ചു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്, കതിരൂർ, കടന്നപ്പള്ളി-പാണപ്പുഴ, കോട്ടയം, കീഴല്ലൂർ, തൃപ്പങ്ങോട്ടൂർ, പന്ന്യന്നൂർ, കൊളച്ചേരി, കൊട്ടിയൂർ, ന്യൂ മാഹി ഗ്രാമപഞ്ചായത്തുകളുടെ സ്പിൽ ഓവർ പദ്ധതികൾ കൂടി ഉൾപ്പെടുത്തിയ വാർഷിക പദ്ധതി ജില്ല ആസൂത്രണ സമിതി യോഗം അംഗീകരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷതവഹിച്ചു. ജില്ല പ്ലാനിങ് ഓഫിസർ കെ. പ്രകാശൻ, ജില്ല ആസൂത്രണസമിതി അംഗങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷർ, ജില്ലതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.