ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂരിൽ ഒരുമയുടെ മഹോത്സവമാണിപ്പോൾ. ഹൈന്ദവവിഭാഗത്തിലെ മുഴുവൻ ജാതികളിലും ഉപജാതികളിലുംപെട്ട 64 ജന്മസ്ഥാനികർ തങ്ങളുടെ കർമങ്ങൾ യഥാവിധി നിർവഹിക്കുന്നു. എല്ലാം പരിസ്ഥിതിക്ക് അനുയോജ്യമാകണമെന്ന് വാശിപിടിക്കുന്ന ഇക്കാലത്ത് ഏറ്റവുമധികം പരിസ്ഥിതിബന്ധം പുലർത്തുന്ന ഏക ഉത്സവംകൂടിയാണ് കൊട്ടിയൂർ വൈശാഖോത്സവം. പൂജകളും കർമങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും എല്ലാംതന്നെ പൗരാണിക ഗോത്രവർഗ രീതിയിലാണ്. പ്രദക്ഷിണ വഴിയിൽ ജലം ഒഴുകിയിരിക്കണം എന്ന ആചാരപരമായ നിബന്ധനയുള്ള ഏക ക്ഷേത്രവും ഇതുമാത്രം. പ്രകൃതിയുടെ അനുഗ്രഹത്താൽ ചൈതന്യം തുടിക്കുന്ന യാഗോത്സവ സന്നിധാനം. ഉയർന്ന മലനിരകളും നിബിഡവനങ്ങളും കാട്ടുചോലകളും അരുവികളും കാവുകളും ബാവലിപ്പുഴയുടെ സാന്നിധ്യവും ഈ യാഗഭൂമിയെ വേറിട്ടുനിർത്തുന്നു. യാഗോത്സവ ചടങ്ങുകളിലെ രീതികളും നിർമാണങ്ങളും എല്ലാംതന്നെ പ്രകൃതിയുമായുള്ള ബന്ധവും തനിമയും വെളിപ്പെടുത്തുന്നതാണ്. ആചാരവൈവിധ്യത്തിലും ഉപചാര പൊരുളിലും വ്യതിരിക്തത പുലർത്തുന്ന കൊട്ടിയൂരിൽ വ്രതശുദ്ധിേയാടെയാണ് ഉത്സവകാലം ആരംഭിക്കുക. ഭക്തിസാന്ദ്രമായ വിശ്വാസത്തിെൻറ ചിഹ്നങ്ങളായി സങ്കൽപിച്ച് ഓടപ്പൂവ് വാങ്ങി മടങ്ങുന്ന കൊട്ടിയൂരിലെ ഉത്സവം കേരളത്തിലെ മറ്റു ക്ഷേത്ര ഉത്സവസമയങ്ങളിൽനിന്നും ആചാരങ്ങളിൽനിന്നും ചിട്ടകളിൽനിന്നും വിഭിന്നമാണ്. കത്തിയെരിയുന്ന ഗ്രീഷ്മകാലത്തിെൻറ വറുതിയിൽനിന്നും ഭക്തമനസ്സുകളിൽ ആശ്വാസത്തിെൻറ നിർവൃതിദായകമായ കുളിർമഴ പെയ്യുന്നതോടെയാണ് പെരുമാളിെൻറ മഹോത്സവത്തിന് തിരിതെളിയുന്നത്. ആദിവാസികൾ മുതൽ ബ്രാഹ്മണർ വരെ എല്ലാ വിഭാഗങ്ങളും ചേർന്ന് നടത്തുന്ന മഹോത്സവം നാടിനും മഹോത്സവമാണ്. ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. മണിത്തറയും വെള്ളത്തിലും കരയിലുമായി കെട്ടിയുണ്ടാക്കിയ പർണശാലകളും കുടിലുകളും ചേർന്നതാണ് താൽക്കാലിക ക്ഷേത്രസമുച്ചയം. ബാവലിയിൽനിന്ന് കിഴക്കുഭാഗത്തുകൂടെ ഒഴുകിവരുന്ന വെള്ളം ക്ഷേത്രമുറ്റമായ തിരുവഞ്ചിറയെ വലംെവച്ച് പടിഞ്ഞാറോട്ടൊഴുകി ബാവലിയിൽതന്നെ ചേരും. ബാവലിയിലെ കല്ലുകളും മണ്ണുംകൊണ്ടാണ് മണിത്തറ ഉണ്ടാക്കുന്നത്. ദേവീസാന്നിധ്യമുള്ള അമ്മാറക്കല്ലുമുണ്ട്. ഉത്സവകാലത്ത് 32 താൽക്കാലിക ഷെഡുകൾ കെട്ടും. അമ്മാറക്കല്ലിന് മേൽക്കൂരയില്ല. ഒരു ഓലക്കുടയാണുള്ളത്. പ്രകൃതിയോട് ഇണങ്ങിച്ചേർന്നുനിൽക്കുന്ന ഉത്സവം, ഹൈന്ദവവിശ്വാസികളായ എല്ലാ വിഭാഗക്കാർക്കും ആചാരപരമായി ചടങ്ങുകളുള്ള ഉത്സവം, വനവാസികൾതൊട്ട് നമ്പൂതിരിമാർ വരെയുള്ള അവകാശികൾ ഒന്നിച്ച് ഏകാത്മഭാവത്തോടെ നടത്തുന്ന അപൂർവം ഉത്സവങ്ങളിലൊന്നാണ് കൊട്ടിയൂർ വൈശാഖോത്സവം. നെയ്യാട്ടം, ഭണ്ഡാരം എഴുന്നള്ളത്ത്, തിരുവോണം ആരാധന, ഇളനീർവെപ്പ്, അഷ്ടമി ആരാധന, ഇളനീരാട്ടം, രേവതി ആരാധന, രോഹിണി ആരാധന, തിരുവാതിര -പുണർഥം - ആയില്യം -അത്തം നാളുകളിൽ ചതുശ്ശതം നിവേദ്യങ്ങൾ, മകം കലം വരവ്, വാളാട്ടം -കലശപൂജ എന്നീ ചടങ്ങുകൾക്ക് ശേഷം തൃക്കലശാട്ടോടെ ഉത്സവം ജൂൺ 22നാണ് സമാപിക്കുക. തൃച്ചെറുമന്ന, ദക്ഷിണ കാശി, വടക്കീശ്വരം തുടങ്ങിയ അപരനാമങ്ങളും കൊട്ടിയൂരിനുണ്ട്. ഉത്സവത്തിന് തിരിതെളിഞ്ഞാൽ ഉപക്ഷേത്രങ്ങളുടെ നടയടക്കും. ഉത്സവസമാപനത്തിന് ശേഷമാണ് കൊട്ടിയൂരിെൻറ ഉപക്ഷേത്രങ്ങളിൽ ചടങ്ങുകൾ പുനരാരംഭിക്കുക. തന്ത്രിമാരായ കോഴിക്കോട്ടിരി നന്ത്യാർവള്ളി, ഉഷകാമ്പ്രം, പന്തീരടികാമ്പ്രം, പനയൂർ, പടിഞ്ഞീറ്റ തുടങ്ങിയവരാണ് വിവിധ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.