കാഞ്ഞങ്ങാട്: ഡെങ്കിപ്പനി പ്രതിരോധ പരിപാടിയുടെ ഭാഗമായി മടിക്കൈ പഞ്ചായത്തിൽ വിവിധ വകുപ്പുകളെയും സംഘടനകളെയും കൂട്ടിയിണക്കിയുള്ള സംയോജിത രോഗ നിയന്ത്രണ കർമ പരിപാടിക്ക് തുടക്കമായി. 'പകർച്ചവ്യാധി നിയന്ത്രണം ജനകീയ കൂട്ടായ്മയിലൂടെ' എന്ന സന്ദേശവുമായാണ് പരിപാടി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഉറവിട നശീകരണം, കൊതുക് സാന്ദ്രത സർവേ, പൊതുസ്ഥല ശുചീകരണം, സ്ഥാപന ശുചീകരണം, പ്ലാസ്റ്റിക് മാലിന്യ ശേഖരണം, കവുങ്ങ്, റബർ തോട്ടങ്ങളിലെ കൊതുക്-കൂത്താടി നശീകരണം, ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കും. മടിക്കൈ ഗ്രാമപഞ്ചായത്തിെൻറയും മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിെൻറയും നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകൾ, കുടുംബശ്രീ, പുരുഷ സ്വയംസഹായ സംഘങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ, യുവജന സംഘടനകൾ, ക്ലബുകൾ എന്നിവയിലെ പ്രവർത്തകരെ അണിനിരത്തിയാണ് വിവിധ തലങ്ങളിൽ പരിപാടി സംഘടിപ്പിക്കുന്നത്. ഉറവിട നശീകരണത്തിൽ സഹകരിക്കാത്ത തോട്ടം, സ്ഥാപന ഉടമകൾക്കെതിരെ പഞ്ചായത്തിരാജ് നിയമമനുസരിച്ചും പൊതുജനാരോഗ്യ നിയമമനുസരിച്ചും നടപടികൾ സ്വീകരിക്കും. പഞ്ചായത്തിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ കേന്ദ്രീകരിച്ച് 1000 ആരോഗ്യ കർമസേനകൾ രൂപവത്കരിക്കുകയും ഗൃഹസന്ദർശനം, ശുചീകരണം, വീട്ടുമുറ്റ ബോധവത്കരണം എന്നിവ ആഴ്ച തോറും സംഘടിപ്പിച്ചുവരുന്നുമുണ്ട്. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സംസ്ഥാന പകർച്ചവ്യാധി നിയന്ത്രണ സെല്ലിലെ എപ്പിഡമോളജിസ്റ്റ് ഡോ. കെ. സുകുമാരൻ, എൻഡമോളജി കൺസൾട്ടൻറ് എ.എൻ. സുധ, ഡോ. നരേൻ ബാബു എന്നിവർ വിവിധ ദിവസങ്ങളിലായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. വാർഡ് ആരോഗ്യ ശുചിത്വ സമിതികളുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും ജൂൺ 11,12,13 ദിവസങ്ങളിൽ പ്രത്യേക യോഗങ്ങളും ജനകീയ കൂട്ടായ്മകളും സംഘടിപ്പിക്കും. പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾക്കായി മടിക്കൈ ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.