പയ്യാവൂരിൽ സ്വകാര്യവ്യക്തിക്കുവേണ്ടി പഞ്ചായത്ത് വക റോഡ്; സി.പി.എമ്മിൽ ഭിന്നത രൂക്ഷം

ശ്രീകണ്ഠപുരം: സ്വകാര്യവ്യക്തി പണിയുന്ന കോംപ്ലക്സിലേക്ക് പഞ്ചായത്ത് വക റോഡ് നിർമിക്കുന്ന സംഭവത്തിൽ സി.പി.എമ്മിൽ ചേരിപ്പോര്. കോൺഗ്രസ് ഭരിക്കുന്ന പയ്യാവൂർ പഞ്ചായത്ത് ഭരണസമിതിയാണ് സ്വകാര്യവ്യക്തിയുടെ ഭൂമിയിലേക്ക് റോഡ് നിർമിക്കാൻ തീരുമാനിച്ചത്. നാട്ടുകാർക്ക് വേണ്ടിയുള്ള റോഡ് എന്ന പേരിലാണ് പണിയുന്നതെങ്കിലും പൂർണമായും സ്വകാര്യവ്യക്തിയുടെ കോംപ്ലക്സിന് മാത്രം ഉപകരിക്കുന്ന രീതിയിലാണുള്ളത്. ഇതിനെതിരെ നാട്ടുകാർ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്‌. ബസ്സ്റ്റാൻഡ് പരിസരത്തെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്സ് പണിയാൻ തീരുമാനിച്ചതോടെ ഇവിടേക്ക് എളുപ്പത്തിൽ റോഡ് പണിയാനാണ് പഞ്ചായത്ത് സഹായം നൽകിയതെന്നാണ് ആക്ഷേപം. ഭരണകക്ഷി തീരുമാനത്തിനെതിരെ പഞ്ചായത്ത് ഭരണസമിതിയിൽ നിലപാടെടുക്കാത്തതിനെച്ചൊല്ലിയാണ് സി.പി.എമ്മിനകത്ത് ഭിന്നാഭിപ്രായം. പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ സി.പി.എമ്മിലെ ജോയി ജോസഫ് മാത്രമാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. പാർട്ടിയിലെ മറ്റൊരു അംഗം യോഗത്തിൽനിന്ന് വിട്ടുനിന്നു. യോഗത്തിൽ പങ്കെടുത്ത രണ്ടുപേർ പ്രതികരിച്ചതുമില്ല. ഇതേ ചൊല്ലിയാണ് വിവാദം. കഴിഞ്ഞദിവസം പാർട്ടി കോൺഗ്രസ് തീരുമാനം റിപ്പോർട്ട് ചെയ്യാൻ ലോക്കൽ കമ്മിറ്റി ഓഫിസായ പയ്യാവൂരിലെ പുളുക്കൽ മന്ദിരത്തിൽ യോഗം ചേർന്നപ്പോൾ പാർട്ടിയംഗങ്ങളിൽ ചിലർ ഇക്കാര്യം ഉന്നയിച്ചു. റിപ്പോർട്ടിങ്ങിനെത്തിയ ജില്ല കമ്മിറ്റിയംഗം കെ. കരുണാകര​െൻറ സാന്നിധ്യത്തിലാണ് ബ്രാഞ്ച് സെക്രട്ടറിമാരടക്കം ഇക്കാര്യം ഉന്നയിച്ചത്. സ്വകാര്യവ്യക്തിക്ക് റോഡ് പണിയാൻ കോൺഗ്രസുകാർക്കൊപ്പം പാർട്ടിയിലെ ചിലർ ഒത്താശചെയ്തുവെന്നാണ് ആക്ഷേപം. സംഭവം അന്വേഷിച്ച് ചർച്ച ചെയ്യാമെന്ന് നേതൃത്വം ഉറപ്പുനൽകി. അതേസമയം, വിവാദം അനാവശ്യമാണെന്നും വികസനത്തി​െൻറ ഭാഗമായുള്ള റോഡുപണി ഭരണസമിതി അംഗീകരിച്ചപ്പോൾ പ്രതിപക്ഷത്തെ ഒരംഗം ഒഴികെ എല്ലാവരും അനുകൂലിച്ചതാണെന്നും പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.പി. അഷ്റഫ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.