തളിപ്പറമ്പ്: കീഴാറ്റൂര്‍ സ്കൂൾ ബസുകൾ സ്കൂൾ സംരക്ഷണപ്രവർത്തകർ തടഞ്ഞു. പ്രദേശത്തുനിന്ന് മറ്റ് സ്കൂളുകളിൽ ചേർത്ത കുട്ടികളുടെ വാഹനങ്ങളാണ് തടഞ്ഞത്. കീഴാറ്റൂർ ഗവ. എല്‍.പി സ്‌കൂളില്‍ ചേര്‍ക്കാത്തതിനെതിരായാണ് ഇതര സ്കൂൾ വാഹനങ്ങൾ തടഞ്ഞത്. സ്വന്തം കുട്ടികൾ എവിടെ പഠിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കുമുണ്ടെന്ന് രക്ഷിതാക്കൾ ഉറച്ചനിലപാടെടുത്തതോടെ പ്രശ്നം രൂക്ഷമായി. കുട്ടികളെ കയറ്റാനെത്തിയ സ്‌കൂള്‍ വാഹനങ്ങള്‍ സി.പി.എമ്മിെൻറ നേതൃത്വത്തിലുള്ള സംരക്ഷണസമിതി പ്രവർത്തകർ തടയുകയായിരുന്നു. സ്കൂൾ സംരക്ഷണസമിതിയും രക്ഷാകർത്താക്കളും പൊലീസില്‍ പരാതി നല്‍കി. നൂറ്റാണ്ടിെൻറ പഴക്കമുള്ള കീഴാറ്റൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ അടുത്തിടെയാണ് നാട്ടുകാര്‍ മുന്‍കൈയെടുത്ത് ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും കമ്പ്യൂട്ടര്‍ പഠനത്തിനായി അധ്യാപികയെ നിയോഗിച്ച് ലാബും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തുകയും ചെയ്തത്. എന്നാല്‍, നാട്ടുകാരില്‍ ചിലര്‍ തളിപ്പറമ്പ് നഗരത്തിലെ മറ്റ് നാലു വിദ്യാലയങ്ങളില്‍ ചേര്‍ത്തു. ഇത് എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക തസ്തികകള്‍ സംരക്ഷിക്കാനാണെന്നും കുട്ടികളെ നാട്ടിലെ പൊതുവിദ്യാലയത്തില്‍ ചേര്‍ക്കണമെന്നുമാണ് സ്‌കൂള്‍ സംരക്ഷണസമിതിയുടെ വാദം. കുട്ടികളെ രക്ഷിതാക്കള്‍ സ്വന്തം വാഹനത്തില്‍ സ്‌കൂളില്‍ എത്തിക്കട്ടെയെന്നും സ്‌കൂള്‍ വാഹനങ്ങള്‍ ഇങ്ങോട്ട് വരാന്‍ പാടില്ലെന്നുമാണ് ഇവര്‍ പറയുന്നത്. രക്ഷിതാക്കൾക്ക് പിന്തുണയുമായി കോൺഗ്രസ്, ബി.ജെ.പി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സ്കൂൾ നിലനിർത്തുന്നത് വിദ്യാഭ്യാസ ആവശ്യത്തിനല്ലെന്നും സി.പി.എമ്മിന് പാർട്ടി പരിപാടി നടത്താനും പോളിങ് സ്റ്റേഷൻ നിലനിർത്താനുമാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. ഇതിനാണ് ഒരു സംഘമാളുകൾ മറ്റ് സ്കൂളുകളുടെ വാഹനങ്ങൾ തടയുന്നതെന്നുമാണ് ഇവരുടെ നിലപാട്. ആവശ്യമായി വന്നാല്‍ വിഷയത്തിൽ ഇടപെടുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.