പഴയങ്ങാടി: തേർളായി കുഞ്ഞഹമ്മദിെൻറ അപകട മരണവാർത്ത മാട്ടൂൽ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ഭാര്യാസഹോദരിയുടെ മകന് പൊലീസ് ഫുട്ബാളിൽ (അണ്ടർ 14) വിഭാഗത്തിൽ പ്രവേശനം ലഭിച്ചതിനാൽ മലപ്പുറത്തെ ക്യാമ്പിലെത്തിക്കുന്നതിന്, സഹോദരിയുടെ മകൻ, സഹോദരൻ, ഇവരുടെ മാതാവ്, മറ്റൊരു ബന്ധു എന്നിവരോടൊപ്പം ബുധനാഴ്ച പുലർച്ച അഞ്ചിനായിരുന്നു കുഞ്ഞഹമ്മദ് സ്വന്തം കാറിൽ യാത്രപുറപ്പെട്ടത്. എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊഗവൂരിൽ നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ വാർത്തയോടൊപ്പം ആദ്യം പ്രചരിച്ചിരുന്നത് ആർക്കും പരിക്കില്ലെന്നായിരുന്നു. എന്നാൽ, മിനിറ്റുകൾ കഴിഞ്ഞതോടെ കുഞ്ഞഹമ്മദിെൻറ മരണവാർത്തയായിരുന്നു ഗ്രാമം കേട്ടത്. രാഷ്ട്രീയ ചിന്തകൾക്കതീതമായി ആവശ്യമായവർക്ക് എല്ലാ രീതിയിലും സഹായമെത്തിക്കുന്ന പൊതുപ്രവർത്തകനെയാണ് അപകടമരണം തട്ടിയെടുത്തത്. രോഗികൾക്കാവശ്യമായ സേവനങ്ങൾ, വിവിധ വകുപ്പുകളിൽനിന്ന് ലഭ്യമാകേണ്ട അർഹമായ സഹായങ്ങൾ എന്നിവ ലഭ്യമാക്കുന്നതിൽ സജീവമായി ഇടപെട്ടിരുന്നു. സി.പി.എമ്മിെൻറ സജീവ പ്രവർത്തകനും പോഷക സംഘടനകളുടെ ഭാരവാഹിയുമായിരുന്നു. കലാസംരംഭങ്ങളോടുള്ള ആഭിമുഖ്യമായിരുന്നു പതിറ്റാണ്ടുകളോളം അബൂദബി ശക്തി തിയറ്റേഴ്സിെൻറ പ്രവർത്തനപഥത്തിൽ അദ്ദേഹത്തെ എത്തിച്ചത്. തെൻറ കലാതട്ടകമായ കനൽ സാംസ്കാരിക വേദിയുടെ പ്രഥമ നാടകത്തിലും അഭിനേതാവായിരുന്നു. ബുധനാഴ്ച രാത്രി ഒമ്പേതാടെ മൃതദേഹം മാട്ടൂലിലെ വീട്ടിലെത്തിച്ചു. മരണവാർത്തയറിഞ്ഞ് സമൂഹത്തിെൻറ വിവിധ മേഖലകളിലുള്ളവർ വസതിയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.