പയ്യാമ്പലത്ത്​ ശവദാഹത്തിന്​ വിറകില്ല; നാട്ടുകാർ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിൽ ഇരച്ചുകയറി

കണ്ണൂര്‍: പയ്യാമ്പലത്ത് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിന് ആവശ്യമായ വിറകും ചിരട്ടയും ഇല്ലാത്തതിനെത്തുടര്‍ന്ന്, മരിച്ചയാളുടെ ബന്ധുക്കളും നാട്ടുകാരും കൗണ്‍സില്‍ യോഗത്തില്‍ ഇരച്ചുകയറി. തിങ്കളാഴ്ച ഉച്ച 12.15ഒാടെയാണ് സംഭവം. കോര്‍പറേഷന്‍ ഹാളില്‍ കൗണ്‍സില്‍ യോഗം നടക്കവേയാണ് വിറകുമായി പ്രതിഷേധക്കാര്‍ എത്തിയത്. 15ഒാളം വരുന്ന സംഘമാണ് വിറകും ചിരട്ടയുമായി യോഗത്തിലേക്ക് ഇരച്ചുകയറിയത്. മേയറുടെ ചേംബറിന് മുന്നിൽ വിറകിടുകയും ബഹളം വെക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരും കൗണ്‍സിലര്‍മാരും തമ്മില്‍ വാക്കേറ്റവും കൈേയറ്റവും നടന്നു. ഇതിനിടയില്‍ കൗണ്‍സിലര്‍ ടി. രവീന്ദ്രനെ സംഘത്തിലെ ചിലര്‍ അസഭ്യം പറയുകയും കൈേയറ്റം ചെയ്യുകയും ചെയ്തു. പിന്നീട് കൗണ്‍സിലര്‍മാരും പ്രതിഷേധക്കാരും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. കെ.പി. സജിത്ത്, കെ. പ്രമോദ് എന്നിവര്‍ക്കുനേരെയും ൈകേയറ്റ ശ്രമം ഉണ്ടായതായി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് ടൗണ്‍ പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയിരുന്നു. ഇന്നലെ രാവിലെ പയ്യാമ്പലത്താണ് പ്രശ്നത്തിന് തുടക്കം. എളയാവൂര്‍ വാരം സ്വദേശിയുടെ മൃതദേഹവുമായി പയ്യാമ്പലത്തെത്തിയ ബന്ധുക്കള്‍ക്ക്, സംസ്‌കാരത്തിനായി ചിരട്ടകള്‍ വീട്ടില്‍നിന്ന് കൊണ്ടുവരണമെന്ന് ശ്മശാന ജീവനക്കാര്‍ നിര്‍ദേശിച്ചതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. ശ്മശാനത്തിലെ നമ്പറിലേക്ക് വിളിച്ചെങ്കിലും ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. ശ്മശാന ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ ബഹളത്തെ തുടര്‍ന്ന് പയ്യാമ്പലത്ത് െപാലീസും ബന്ധപ്പെട്ട കോര്‍പറേഷന്‍ അധികൃതരും എത്തിയിരുന്നു. പിന്നീട് വീട്ടില്‍ നിന്നും ചിരട്ട എത്തിച്ചാണ് സംസ്കാരം നടന്നത്. ഇതിനുശേഷം അവിടെ നിന്നും പതിനഞ്ചിലധികം പ്രതിഷേധക്കാര്‍ വിറകും ചിരട്ടയുമായി കൗണ്‍സില്‍ യോഗത്തില്‍ തള്ളിക്കയറാൻ എത്തുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ വി.എ. ഹരി, സുരേഷ് ബാബു എളയാവൂര്‍ തുടങ്ങിയവരാണ് പ്രതിഷേധക്കാരുടെ കൂട്ടത്തില്‍ ഉണ്ടായതെന്നും അനാവശ്യമായി സമരാഭാസം നടത്തിയ ഇവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.