കാഞ്ഞങ്ങാട്: സുഹൃത്ത് വഞ്ചിച്ചതിനെത്തുടർന്ന് കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന ഹോസ്ദുര്‍ഗ് കടപ്പുറത്തെ റാഷിദ് ഒടുവിൽ ജയിൽമോചിതനായി നാട്ടിലെത്തി. കുവൈത്ത് അമീറിെൻറ പൊതുമാപ്പിലാണ് മോചിതനായി നാട്ടില്‍ തിരിച്ചെത്തിയത്. ജയില്‍ തടവുകാര്‍ക്ക് കുവൈത്ത് അമീര്‍ നല്‍കിയ ഇളവുകളുടെ ആനുകൂല്യത്തിലാണിത്. ''ഒരുതെറ്റും ഞാൻ ചെയ്തിരുന്നില്ല. മയക്കുമരുന്ന് ജീവിതത്തിൽ ഉപയോഗിച്ചിട്ടുമില്ല. കണ്ടിട്ടുപോലുമില്ല. ഇൗ കാര്യത്തിൽ സുഹൃത്തുക്കളെയും വിശ്വസിക്കാൻ കഴിയില്ല. ഒരുപാട് നിരപരാധികൾ ഇപ്പോഴും മയക്കുമരുന്ന് കേസിൽ കുടുങ്ങുകയാണ്. എന്നെ പോലുള്ള നിരപരാധികൾ കുവൈത്തിലെ ജയിലുകളിൽ ഇപ്പോഴുമുണ്ട്'' -വേദനകൾ ഉള്ളിൽ അടക്കിപ്പിടിച്ചുകൊണ്ട് റാഷിദ് പറഞ്ഞു. 2014 ജൂണ്‍ 26നാണ് റാഷിദ് കുവൈത്ത് വിമാനത്താവളത്തില്‍ പിടിയിലാവുന്നത്. സുഹൃത്തായ കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ഫവാസിനു േവണ്ടി നാട്ടിലുള്ള ഒരാൾ കുവൈത്തിലുള്ള ബന്ധുക്കള്‍ക്ക് നല്‍കാന്‍ ഏല്‍പിച്ച പൊതി പിന്നീട് മയക്കുമരുന്ന് ആണെന്ന് കണ്ടെത്തിയതോടെയാണ് റാഷിദ് ജയിലിലായത്. തെറ്റ് ചെയ്തിട്ടില്ലെന്ന് തുറന്നുപറഞ്ഞുവെങ്കിലും കാര്യമുണ്ടായില്ലെന്ന് റാഷിദ് പറയുന്നു. 2014ൽ പിടിയിലായെങ്കിലും അതേവർഷം തന്നെ ഒരുമാസം ജാമ്യം കിട്ടി. ഒരുമാസക്കാലം ജാമ്യത്തിലിറങ്ങാന്‍ 1500 കുവൈത്ത് ദിനാര്‍ കെട്ടിവെക്കേണ്ടിവന്നിരുന്നു. പിന്നീട് 2015ൽ നവംബർ 24ന് അഞ്ചുവർഷം തടവെന്ന രീതിയിൽ വിധിവരുകയും ചെയ്തു. നാട്ടിലും വിദേശത്തും ഏറെ വാര്‍ത്ത പ്രാധാന്യമായിരുന്നു ഈ സംഭവത്തിനുണ്ടായിരുന്നത്. നിരപരാധിയായ റാഷിദിെൻറ ജാമ്യത്തിനായി നിരവധി സംഘടനകളും നാട്ടുകാരും രംഗത്തിറങ്ങിയിരുന്നു. റാഷിദ് ജയിലില്‍ കഴിയവേ പിതാവ് അബൂബക്കര്‍ 2016 മാര്‍ച്ച് 18ന് നിര്യാതനാവുകയും ചെയ്തു. പിതാവിെൻറ മയ്യിത്ത് കാണാൻ നാട്ടിലേക്ക് വരാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജയില്‍മോചിതനായി നാട്ടിലെത്തിയ റാഷിദ് തനിക്ക് ഏറ്റവും കൂടുതല്‍ കാലം വേദനയോടെ കാത്തിരുന്ന പിതാവിെൻറ ഖബറിടമായ മീനാപ്പീസ് ജമാഅത്ത് പള്ളി ഖബര്‍ സ്ഥാനിലെത്തി പ്രാര്‍ഥിച്ചു. നിര്‍ധനരായ കുടുംബത്തിെൻറ ആശ്രയമായ റാഷിദിനായി നിയമസഹായമടക്കമുള്ള കാര്യങ്ങള്‍ എല്ലാ ഭാഗത്തുനിന്നും നല്‍കിയിരുന്നു. റാഷിദിനെ വഞ്ചിച്ച സുഹൃത്ത് ഫവാസിനെതിരെ ഫയല്‍ ചെയ്ത ഒരു കേസ് ഇപ്പോഴും നാട്ടില്‍ നടന്നുവരുന്നുണ്ട്. കേസില്‍ എതിര്‍കക്ഷിയായി കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന ഫവാസോ കുടുംബമോ ഹാജരാവാത്തതിനാല്‍ ഇതുവരെ കേസ് എങ്ങുമെത്തിയില്ല. തെൻറ കേസ് നടത്തിപ്പിനും മോചനത്തിനുമായി കുവൈത്തിലെ സാമൂഹിക സന്നദ്ധ സംഘടനകളും പ്രവര്‍ത്തിച്ചിരുന്നതായി റാഷിദ് പറഞ്ഞു. കുവൈത്തിലെ ഷുവൈക്ക് സെന്‍ട്രല്‍ ജയിലിലായിരുന്നു റാഷിദിെൻറ ഇക്കാലമത്രയുമുള്ള തടവു ജീവിതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.