തളിപ്പറമ്പ്​ ടാഗോറിൽ നറുക്കെടുപ്പിലൂടെ വിദ്യാർഥിപ്രവേശനം

തളിപ്പറമ്പ്: ഹൈകോടതി നിർദേശത്തെ തുടർന്ന് തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനില്‍ അഞ്ച്, എട്ട് ക്ലാസുകളിലേക്ക് നറുക്കെടുപ്പിലൂടെ വിദ്യാർഥികൾക്ക് പ്രവേശനം നല്‍കി. മുൻകൂട്ടി അപേക്ഷ നൽകിയവരെ മാത്രമാണ് നറുക്കെടുപ്പിൽ പരിഗണിച്ചത്. എട്ടാം ക്ലാസിലേക്ക് മലയാളം മീഡിയത്തിലേക്ക് 34 കുട്ടികളെയും അഞ്ചാം ക്ലാസില്‍ ഇംഗ്ലീഷ്- മലയാളം മീഡിയത്തിലേക്കായി 30 പേരെ വീതവുമാണ് തെരഞ്ഞെടുത്തത്. എട്ടാം ക്ലാസിൽ 11 കുട്ടികൾ മാത്രമാണ് വന്നത്. അഞ്ചിലേക്കുള്ള ഇംഗ്ലീഷ് മീഡിയത്തിലേക്ക് 37 കുട്ടികളും മലയാളത്തിന് 49 കുട്ടികളുമാണ് എത്തിച്ചേര്‍ന്നത്. പട്ടികജാതി വിഭാഗത്തിനുള്ള രണ്ട് സീറ്റുകളിലേക്ക് നറുക്കെടുപ്പില്ലാതെ പ്രവേശനം നൽകി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.ഐ. വത്സല, ഡി.ഇ.ഒ കെ. രാധാകൃഷ്ണന്‍, മുഖ്യാധ്യാപകന്‍ തോമസ് ഐസക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. ഉച്ച 12ന് നടന്ന നറുക്കെടുപ്പിൽ അഡ്വൈസറി ബോര്‍ഡ് മെംബര്‍ കെ. ഷൈല, എം.വി. രാമചന്ദ്രന്‍, കെ.കെ. ഗീതാമണി എന്നിവരും സന്നിഹിതരായിരുന്നു. നേരേത്ത ഇരുന്നൂറിലേറെ കുട്ടികള്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും പ്രവേശനനടപടികള്‍ നീണ്ടുപോയതിനാല്‍ മിക്ക കുട്ടികളും മറ്റു സ്‌കൂളുകളില്‍ ചേര്‍ന്നതിനാലാണ് പ്രവേശനത്തിനെത്തിയവരുടെ എണ്ണം കുറഞ്ഞത്. ഇതോടെ രണ്ട് മാസങ്ങളായി നീണ്ട പ്രവേശനവിവാദം താല്‍ക്കാലികമായി അവസാനിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു സര്‍ക്കാര്‍ വിദ്യാലയത്തിലേക്ക് നറുക്കെടുപ്പിലൂടെ വിദ്യാർഥികൾക്ക് പ്രവേശനം നല്‍കുന്നത്. കഴിഞ്ഞ 40 വര്‍ഷമായി സംസ്ഥാനത്തെ ഏക സ്‌പെഷല്‍ സ്‌കൂള്‍ എന്നനിലയില്‍ അഞ്ച്, എട്ട് ക്ലാസുകളിലേക്ക് പ്രവേശനപരീക്ഷയിലൂടെയാണ് ഇവിടെ പ്രവേശനം നല്‍കിയിരുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്ത് ദേശീയ വിദ്യാഭ്യാസ നിയമത്തിന് എതിരാണ് പ്രവേശനപരീക്ഷയെന്ന് ചൂണ്ടിക്കാട്ടി നിര്‍ത്തലാക്കണമെന്ന് വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നല്‍കിയതി​െൻറ അടിസ്ഥാനത്തിലാണ് പ്രവേശനപരീക്ഷ നിര്‍ത്തലാക്കിയത്. അതിനെതിരെ അലുംനി അസോസിയേഷനും ഒരു അപേക്ഷകയും ഹൈകോടതിയില്‍നിന്ന് സ്‌റ്റേ വാങ്ങിയിരുന്നു. ഇതേ തുടർന്നാണ് പ്രവേശനത്തിനായി കുട്ടികളെ തെരഞ്ഞെടുക്കുന്നത് നീണ്ടുപോയത്. പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.