വിദ്യാലയങ്ങൾ തുറന്നുകഴിഞ്ഞു. താൽക്കാലിക അധ്യാപകർക്കു വേണ്ടിയുള്ള അഭിമുഖം നടക്കുകയാണ് ജില്ലയിലെ സ്കൂളുകളിൽ. 877 അധ്യാപകരുടെ ഒഴിവുകളാണ് നിലവിൽ ജില്ലയിലുള്ളത്. അധ്യയനം തുടങ്ങുന്ന ദിവസം തന്നെ വിദ്യാലയങ്ങളിൽ അധ്യാപകരുടെ കുറവുകൾ ഉണ്ടാകാൻ പാടില്ലെന്ന നിർദേശത്തെ തുടർന്ന് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികൾ നടക്കുന്നുണ്ടെങ്കിലും പല സ്കൂളുകളിലും ആവശ്യത്തിന് അധ്യാപകരില്ല എന്നതാണ് വസ്തുത. നഗരങ്ങളിലെ വിദ്യാലയങ്ങളിലേക്കു ദിവസവേതന വ്യവസ്ഥയിൽ അധ്യാപകർ എത്തുന്നുണ്ടെങ്കിലും മലയോരങ്ങളിലെയും അതിർത്തി പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലുമാണ് ഒഴിവ് നികത്താൻ അധികൃതർ പാടുപെടുന്നത്. കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലാണ് ഇത്തരത്തിലുള്ള സ്ഥിതിവിശേഷം. എൽ.പിയിൽ മലയാളം, കന്നഡ വിഭാഗങ്ങളിലായി ജില്ലയിൽ 368 ഒഴിവുകളുണ്ട്. ഇതിൽ മലയാള വിഭാഗത്തിൽ മാത്രമായി 322 അധ്യാപകരെയാണ് വേണ്ടത്. എൽ.പി.എസ് നിയമനത്തിനുള്ള റാങ്ക് പട്ടിക തയാറാക്കുന്നതിനുള്ള അഭിമുഖം ജൂൺ മുതൽ തുടങ്ങുമെന്നറിയിച്ച് പി.എസ്.സി ഉദ്യോഗാർഥികൾക്ക് കത്തുകൾ അയച്ചിരുന്നെങ്കിലും ഇതിെൻറ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെങ്കിൽ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടിവരും. യു.പി വിഭാഗത്തിൽ കന്നഡ, മലയാളം വിഭാഗങ്ങളിലായി 206 ഒഴിവുകളുള്ളതിൽ മലയാളത്തിലേക്കു മാത്രമായി 149 അധ്യാപകർ വേണം. ഹൈസ്കൂൾ വിഭാഗത്തിൽ മലയാളത്തിൽ 48, സോഷ്യൽ സയൻസ് 25, ഫിസിക്കൽ സയൻസ് 33, നാച്വറൽ സയൻസ് 11, ഇംഗ്ലീഷ് ഏഴ് എന്നിവയും കന്നഡ വിഭാഗങ്ങളിൽ കന്നഡ 21, സോഷ്യൽ സയൻസ് ഒമ്പത്, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസുകളിലായി മൂന്നുവീതം ഒഴിവുകളുമുണ്ട്. നവാഗതരായി 4000ത്തോളം കുരുന്നുകൾ ചെറുവത്തൂർ: ഈ അധ്യയന വർഷം ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് വർധന. ആറാം പ്രവൃത്തി ദിനത്തിൽ മാത്രമേ കൃത്യമായ കണക്കുകൾ ലഭ്യമാകൂ. ഏഴ് ഉപജില്ലകളിലുമായി 4000 വിദ്യാർഥികളാണ് പുതുതായി വർധിച്ചത്. ഇതിൽ ഭൂരിഭാഗവും ഒന്നാം ക്ലാസിൽ എത്തിയവരാണ്. പ്രവേശനോത്സവ ദിനത്തിൽ ലഭിച്ച പ്രാഥമിക കണക്കുകൾ പ്രകാരം ഹോസ്ദുർഗ് ഉപജില്ലയിലാണ് കൂടുതൽ വിദ്യാർഥികൾ. കുറവ് മഞ്ചേശ്വരം ഉപജില്ലയിലുമാണ്. കഴിഞ്ഞവർഷം ഒന്നാംതരം മുതൽ പത്താംതരം വരെ 18,353 വിദ്യാർഥികളായിരുന്നു ചെറുവത്തൂർ ഉപജില്ലയിൽ ഉണ്ടായിരുന്നത്. ഇത്തവണ അത് 18,920 ആയി ഉയർന്നു. 567 കുട്ടികളുടെ വർധന. ഇതിൽ 451 വിദ്യാർഥികളും കടന്നുവന്നത് അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നായിരുന്നുവെന്നതാണ് സവിശേഷത. മറ്റ് ഉപജില്ലകളിലും 500ലധികം കുട്ടികളുടെ വർധനവാണ് ഉണ്ടായത്. ആറാം പ്രവൃത്തി ദിവസമാകുമ്പോഴേക്കും എണ്ണം ഇനിയും കൂടുമെന്നാണ് സൂചന. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായുള്ള ചിട്ടയായ പ്രവർത്തനങ്ങൾ നടത്തിയ വിദ്യാലയങ്ങളിലെല്ലാം കുട്ടികളുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുണ്ട്. അനാദായകര പട്ടികയിലുണ്ടായ ഭൂരിഭാഗം വിദ്യാലയങ്ങളും ആദായകരമാകുന്ന കാഴ്ചയാണ് ഇക്കുറി ജില്ല കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.