ശ്രീകണ്ഠപുരം: കളിക്കൂട്ടുകാരായതിനാൽ മരണം മാടിവിളിച്ചപ്പോൾ തരംതിരിവുകാട്ടിയില്ല അവരോട്. അപകടത്തിൽപെട്ട കാറിലുണ്ടായിരുന്ന നാലുപേരും അടുത്ത കൂട്ടുകാരാണെങ്കിലും ചന്ദനക്കാംപാറ സ്വദേശികളായ റിജുൽ ജോണിയും അനൂപ് ജോയിയും കൂടുതൽ അടുത്തവരായിരുന്നു. എന്നും ഒന്നിച്ച് കളിചിരിയുമായി മുന്നേറിയവർ. പള്ളി പ്രാർഥന കഴിഞ്ഞിറങ്ങിയപ്പോൾ മച്ചിക്കാട്ട് തോമസിെൻറ ഉടമസ്ഥതയിലുള്ള കാർ മകൻ അഖിൽ ഓടിച്ചുവന്ന് കൂട്ടുകാരെ വിളിക്കുകയായിരുന്നു. അനൂപും റിജുലും പിൻസീറ്റിൽ കയറി. സിൽജോ മുന്നിലും. കാർ ചതുരംപുഴയിൽ െവച്ച് നിയന്ത്രണംവിട്ടതോടെ എല്ലാം നിമിഷങ്ങൾക്കകം മാറിമറിഞ്ഞു. കാറിെൻറ പിൻസീറ്റ് ഉൾപ്പെടെയുള്ള ഭാഗം മുറിഞ്ഞ് വേർപെട്ട് തെന്നിപ്പോവുകയും അഗ്നിക്കിരയാവുകയുമായിരുന്നു. റിജുൽ തെറിച്ചുവീണ് തൽക്ഷണം മരണമടഞ്ഞപ്പോൾ അനൂപ് വണ്ടിയിൽതന്നെ കത്തിക്കരിയുകയായിരുന്നു. ചന്ദനക്കാംപാറ ചെറുപുഷ്പം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനകാലത്ത് മികച്ചവിജയം നേടിയ വിദ്യാർഥിയായിരുന്നു അനൂപ്. അധ്യാപകർക്കും സഹപാഠികൾക്കും വേണ്ടപ്പെട്ടവൻ. റിജുലും ഏവർക്കും പ്രിയങ്കരനായിരുന്നു. ഉറ്റവർ ഒന്നിച്ച് വിടചൊല്ലിയപ്പോൾ മലയോര മേഖലയാകെ സങ്കടക്കയത്തിലായി. പയ്യാവൂർ, ശ്രീകണ്ഠപുരം പൊലീസും ഇരിട്ടിയിൽനിന്നെത്തിയ അഗ്നിശമനസേനയും ചേർന്നാണ് ചന്ദനക്കാംപാറ റോഡിൽ ചതുരംപുഴയിൽ അപകടത്തിൽപെട്ട കാറിൽനിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. കെ.സി. ജോസഫ് എം.എൽ.എ, പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി ചിറ്റുപറമ്പിൽ, വൈസ് പ്രസിഡൻറ് ടി.പി. അഷ്റഫ്, മെംബർ കെ.ടി. അനിൽകുമാർ തുടങ്ങിയവർ സംഭവസ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.