ഇരിട്ടി: പേരാവൂർ മണ്ഡലത്തിലെ വിവിധ മേഖലകളിലെ ജനവാസ കേന്ദ്രങ്ങളിൽപോലുമെത്തിയ കാട്ടാനശല്യം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ സണ്ണി ജോസഫ് എ.എൽ.എ വിളിച്ചുചേർത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ തീരുമാനം. നിയോജക മണ്ഡലത്തിലെ വനം അതിരിടുന്ന മുഴുവൻ പ്രദേശങ്ങളിലും ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ സംബന്ധിച്ച് രൂപരേഖയുണ്ടാക്കി കിഫ്ബി സഹായത്തോടെ പദ്ധതി നടപ്പിലാക്കണമെന്നാണ് നിർദേശം. ആശങ്ക ഒഴിവാക്കാൻ പ്രശ്നത്തിൽ അടിയന്തര നടപടിയെടുക്കണമെന്ന് ഇന്ദിര ശ്രീധരൻ, ബാബു ജോസഫ്, ഷീജ സെബാസ്റ്റ്യൻ എന്നിവർ യോഗത്തിൽ ആവശ്യപ്പെട്ടു. ആറളം ഫാം പുനരധിവാസ മേഖലയിൽ ആനകൾക്ക് തമ്പടിക്കാൻ പറ്റുന്ന രീതിയിലുള്ള കാടുകൾ വെട്ടിത്തെളിക്കണം. ആറളം വന്യജീവി സങ്കേത കേന്ദ്രത്തിൽനിന്നും എത്തുന്ന കാട്ടാനക്കൂട്ടം പുനരധിവാസ മേഖലയിലെ കാട്ടിലാണ് താമസമാക്കുന്നത്. കാട് വെട്ടിനീക്കുന്നതോടെ തിരികെ പോകും. ഇതിനാവശ്യമായ ഫണ്ട് അനുവദിക്കാൻ ജില്ല കലക്ടറോടും ഐ.ടി.ഡി.പിയോടും ആവശ്യപ്പെടാൻ യോഗത്തിൽ തീരുമാനിച്ചു. ഡി.എഫ്.ഒ സുനിൽ പാമിഡി, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. മധുസൂദനൻ, കൊട്ടിയൂർ റേഞ്ച് ഓഫിസർ പി. ബിനു, റാപ്പിഡ് റെസ്പോൺസ് ടീം െഡപ്യൂട്ടി റേഞ്ചർ വി.എസ്. രാജൻ, ഡെപ്യൂട്ടി റേഞ്ചർ കെ.വി. ആനന്ദൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.