കാഞ്ഞങ്ങാട്: പ്രോ കബഡി മത്സരത്തിലെ തന്ത്രങ്ങൾക്ക് കാസർകോടൻ ചന്തം. കബഡി ലീഗിലെ പോരാളികളായ ബംഗാൾ വാരിയേഴ്സിനെയും തമിഴ് തലൈവാസിനെയും തന്ത്രങ്ങൾ പരിശീലിപ്പിക്കുന്നത് കാസർകോടിെൻറ കബഡി പുലികൾ. 'ബംഗാൾ വാരിയേഴ്സിന് ജഗദീഷ് കുമ്പളയും തമിഴ് തലൈവാസിന് ഇ. ഭാസ്കരൻ കൊടക്കാടുമാണ് പരിശീലനം നൽകുന്നത്. ആറാമത് പ്രോ കബഡി ലീഗിലേക്കുള്ള താരങ്ങളുടെ ലേലം മേയ് 30, 31 തീയതികളില്‍ മുംബൈയില്‍ നടന്നിരുന്നു. ജില്ലയിലും സംസ്ഥാനത്തും കബഡി സംസ്കാരം വളർത്തിയെടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ചയാളാണ് ഇ. ഭാസ്കരൻ. 2010ൽ ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വനിത ടീമിനെ പരിശീലിപ്പിച്ച് സ്വർണം നേടിയിരുന്നു. ഇതേ വർഷം തന്നെ ബംഗ്ലാദേശിൽ നടന്ന സാഫ് ഗെയിംസ്, 2009ൽ വിയറ്റ്നാമിൽ നടന്ന ഇൻഡോർ ഏഷ്യൻ ഗെയിംസ് എന്നിവയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിെൻറയും പരിശീലകൻ ഇദ്ദേഹമായിരുന്നു. ഇന്ത്യൻ ആർമിയുടെ പരിശീലകനായ ജഗദീഷ് കുമ്പള രണ്ടാം പ്രാവശ്യമാണ് പ്രോ കബഡിയിൽ പരിശീലകനാകുന്നത്. മൂന്ന് തവണ കേരളത്തിന് ജഴ്സിയണിഞ്ഞ ഇദ്ദേഹം പിന്നെ പട്ടാളത്തിൽ ചേർന്നു. 2002ൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 15 വർഷത്തോളം ആർമിയിലും സർവിസിലും ക്യാപ്റ്റനും കളിക്കാരനുമായിരുന്നു. ബംഗളൂരുവിലെ എൻ.െഎ.എസിൽനിന്ന് പരിശീലനം നേടിയ ശേഷം ഇന്ത്യൻ ആർമിയുടെ കോച്ചായി പ്രവർത്തിക്കുകയായിരുന്നു. ഉദുമ അച്ചേരി സ്വദേശിയായ സാഗർ കൃഷ്ണ യു.പി യോദ്ധക്കുവേണ്ടി കളത്തിലിറങ്ങും. 14.25 ലക്ഷത്തിനാണ് സാഗറിനെ യു.പി സ്വന്തമാക്കിയത്. അര്‍ജുന അച്ചേരി ക്ലബ് അംഗമാണ് സാഗര്‍. കോളജ് തലത്തില്‍ യൂനിവേഴ്‌സിറ്റി, ഇൻറര്‍ യൂനിവേഴ്‌സിറ്റി മത്സരങ്ങളില്‍ പങ്കെടുത്ത ഈ താരം ജൂനിയര്‍ കബഡിയില്‍ കാസര്കോടിെൻറയും സംസ്ഥാനത്തിെൻറയും ടീം ക്യാപ്റ്റനായിരുന്നു. നിലവില്‍ കേരള ടീം ക്യാപ്റ്റനാണ്. 2013ൽ ഹൈദരാബാദിൽ നടന്ന ദേശീയ കബഡി മത്സരത്തിലും ബംഗളൂരുവിൽ നടന്ന സൗത്ത് സോൺ കബഡി ചാമ്പ്യൻഷിപ്പിലും കേരളത്തിനായി കളിച്ചു. ഫിറ്റ്നസ് അടയാളപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നതുകൊണ്ടാണ് ജില്ലയിലെ കഴിവുള്ള താരങ്ങൾക്കുവരെ ദേശീയ തലത്തിൽ ഇടംകിട്ടാത്തതെന്ന് ജഗദീഷ് കുമ്പള 'മാധ്യമ'ത്തോട് പറഞ്ഞു. നാലാം സീസണിൽ ഉദുമ സ്വദേശികളായ അനൂപും നിഷാന്തും പ്രോ കബഡിയിൽ കളിച്ചിരുന്നു. ഇന്ത്യക്കാർക്ക് പുറമെ ഇറാന്‍, ജപ്പാന്‍, ബംഗ്ലാദേശ്, കെനിയ, ദക്ഷിണ കൊറിയ, മലേഷ്യ, ശ്രീലങ്ക എന്നിവയടക്കം 14 രാജ്യങ്ങളിലുള്ള താരങ്ങള്‍ ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ പല വേദികളിലായി നടക്കുന്ന പ്രോ കബഡി ടൂർണമെൻറ് ഒക്ടോബർ 19നാണ് ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.