നിപ: മരണത്തി​െൻറ പരിഭ്രാന്തി ഒഴിഞ്ഞ്​ മട്ടന്നൂരും തലശ്ശേരിയും

കണ്ണൂർ: നിപ വൈറസ് ബാധയുമായി ബന്ധെപ്പട്ട് തലശ്ശേരിയിലും മട്ടന്നൂരിലും ഉയർന്ന പരിഭ്രാന്തി അധികൃതരുടെ തക്കസമയത്തെ ഇടപെടൽകാരണം ഒഴിവായി. പനിബാധിച്ച് മരിച്ച നടുവനാെട്ട പി.കെ. ബാല​െൻറ ഭാര്യ റോജക്ക് നിപയാണെന്ന് അഭ്യൂഹംപരന്നതാണ് പരിഭ്രാന്തി പരത്തിയത്. റോജയുടെ സ്രവപരിശോധനയിൽ നിപ അല്ലെന്ന് സ്ഥിരീകരിച്ചതായി ജില്ല മെഡിക്കൽ ഒാഫിസർ അറിയിച്ചു. പനി വര്‍ധിച്ചതിനെ തുടര്‍ന്ന് മട്ടന്നൂരില്‍നിന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അബോധാവസ്ഥയിലായിരുന്ന യുവതിയെ രോഗം മൂര്‍ച്ഛിച്ചതിനാല്‍ വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ച 3.30ഓടെയാണ് മരിച്ചത്. നിപ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നില്ല. ഇൗ മരണം അഭ്യൂഹമായതോടെ ജില്ലയിലെങ്ങും ശനിയാഴ്ച രാവിലെ പരിഭ്രാന്തിയായിരുന്നു. ഇരിട്ടി, മട്ടന്നൂർ മേഖലയിൽ പരിഭ്രാന്തിപടർന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ സംസ്കരിച്ചതിനാൽ അഭ്യൂഹം ശക്തിപ്പെട്ടു. നടുവനാട് തലച്ചങ്ങാടിലെ റോജയുടെ വീട്ടിൽ ആളുകൾ വരാതായി. സ്രവപരിശോധനയുടെ വിവരം ഉടനെ അറിയണമെന്ന് ജില്ല കലക്ടർ ആരോഗ്യവകുപ്പിനോട് അഭ്യർഥിച്ചതനുസരിച്ച് 11ഒാടെ റോജയുടെ മരണം നിപമൂലമല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തലശ്ശേരിയിൽ രണ്ടാഴ്ചയായി നിരീക്ഷണത്തിലുണ്ടായിരുന്ന ഒരു ആശുപത്രിയിലെ ഏതാനും ജീവനക്കാരുടെ കാര്യത്തിലും ഭയപ്പെടാനില്ലെന്ന് ജില്ല മെഡിക്കൽ ഒാഫിസർ അറിയിച്ചു. കോഴിക്കോട് പേരാമ്പ്ര മേഖലയുമായി അടുത്ത് ബന്ധമുള്ള നഗരമെന്നനിലയിൽ തലശ്ശേരി നേരത്തെതന്നെ നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് കോഴിക്കോട് വെച്ച് നിപ ബാധിച്ച് മരിച്ച ഒരാളെ ആദ്യം പ്രവേശിപ്പിച്ച തലശ്ശേരിയിലെ ആശുപത്രിജീവനക്കാരെ നിരീക്ഷിച്ചത്. രണ്ടാഴ്ചത്തെ നിരീക്ഷണ കാലപരിധി കഴിഞ്ഞതോടെ ഭീതിപ്പെടാനില്ലെന്ന് ഡി.എം.ഒ പറഞ്ഞു. ജില്ലയിൽ സംശയിക്കുന്നേതാ നിരീക്ഷിക്കുന്നതോ ആയ ഒരു കേസും നിലവിലില്ലെന്നും എന്നാൽ, അയൽ ജില്ലകളിലേക്കുള്ള യാത്രയിലും ഇടപഴകലിലും നിതാന്ത ജാഗ്രത വേണമെന്നും ഡി.എം.ഒ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.