പയ്യന്നൂർ: എട്ടിക്കുളെത്ത തഖ്വ പള്ളിയിൽ മുസ്ലിം ലീഗ് പ്രവർത്തകർ നടത്തിയ അക്രമം അസഹിഷ്ണുതയുടെ സീമകൾ ലംഘിച്ച ക്രൂരതയാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. പള്ളി സന്ദർശിച്ച ശേഷം പയ്യന്നൂരിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർച്ചയായ മൂന്ന് വെള്ളിയാഴ്ചകളിലും അക്രമം അരങ്ങേറി. പാവനമായ റമദാൻ മാസത്തിലാണ് അക്രമം അരങ്ങേറിയത്. പള്ളിയിൽ അതിക്രമിച്ചുകയറി പ്രസംഗപീഠവും സി.സി.ടി.വി കാമറയും അടിച്ചു തകർത്തു. ജീവനക്കാരെ അടിച്ചോടിച്ചു. പള്ളിക്കകത്തേക്ക് സ്ത്രീകളെ പറഞ്ഞുവിട്ട് കുഴപ്പത്തിനു ശ്രമിച്ചു. പള്ളിയിൽ ജുമുഅ നമസ്കാരത്തിനെത്തിയ പണ്ഡിതരെ ബസിറങ്ങാൻ അനുവദിക്കാതെയും തടഞ്ഞുവെച്ചും ആരാധന സ്വാതന്ത്ര്യത്തെ വെല്ലുവിളിച്ചു. ജില്ലയിൽ മതസ്ഥാപനങ്ങളെ രാഷ്ട്രീയ കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുകയാണ് മുസ്ലിം ലീഗ്. സി.എച്ച് സെൻററിന് വേണ്ടിയുള്ള പണപ്പിരിവ് ഇതിനൊരുദാഹരണം മാത്രം. ആരാധനാലയങ്ങൾ രാഷ്ട്രീയ മുക്തമാക്കുന്നതിന് ജില്ലയിൽ പ്രചാരണ പ്രക്ഷോഭത്തിന് ഐ.എൻ.എൽ രൂപം കൊടുക്കുമെന്നും കാസിം ഇരിക്കൂർ പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി താജുദ്ദീൻ മട്ടന്നൂർ, ട്രഷറർ യൂസുഫ് പാനൂർ, സെക്രട്ടറി ഇഖ്ബാൽ പോപ്പുലർ, എം.ടി.പി. ഫാറൂക്ക് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.