യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയോഗത്തില്‍ പാർട്ടി നേതാക്കൾക്ക്​ രൂക്ഷ വിമർശനം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയോഗത്തില്‍ പാർട്ടി നേതാക്കൾക്ക് രൂക്ഷ വിമർശനം കൊച്ചി: മരിച്ചാലും സ്ഥാനങ്ങൾ വിട്ടുനൽകില്ലെന്ന പല കോൺഗ്രസ് നേതാക്കളുടെയും നിലപാടാണ് കോൺഗ്രസ് രക്ഷപ്പെടാത്തതിന് കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയോഗത്തില്‍ വിമർശനം. രാജ്യസഭ തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യവും യോഗത്തില്‍ ഉണ്ടായി. നേരാംവണ്ണം മുണ്ടുടുക്കാന്‍ പോലും ആരോഗ്യമില്ലാത്ത നേതാക്കള്‍ക്ക് അധികാര സ്ഥാനത്തിനോട് ഇപ്പോഴും ആവേശമാണ്. അധികാരകുത്തകയും കുടുംബവാഴ്ചയുമാണ് കോണ്‍ഗ്രസിനെ തകര്‍ച്ചയിലേക്ക് നയിക്കുന്നതെന്ന് യോഗത്തില്‍ പ്രതിനിധികൾ തുറന്നടിച്ചു. പാർട്ടിയുടെ തണലിൽ തഴച്ചുവളർന്ന ചില നേതാക്കളുടെ മോദിയെ പുകഴ്ത്തുന്ന സമീപനം ഒരിക്കലും അംഗീകരിക്കാനാകില്ല. ഇത്തരക്കാരെ നിലക്ക് നിർത്താൻ പാർട്ടി നേതൃത്വത്തിന് കഴിയണം. ഒരുനേതാവ് ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിച്ചു വിജയിച്ചാല്‍ അദ്ദേഹത്തി​െൻറ കാലശേഷം മക്കള്‍ക്ക് വില്‍പത്രമായി ആ മണ്ഡലം എഴുതിവെക്കുന്ന അവസ്ഥയാണ്. ഈ സാഹചര്യം മൂലം യുവാക്കള്‍ പാർട്ടിയിലേക്ക് വരാന്‍ മടികാണിക്കുകയാണെന്ന യാഥാർഥ്യം ഇനിയെങ്കിലും നേതാക്കൾ മനസ്സിലാക്കണം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ തേടി കോണ്‍ഗ്രസ് നേതാക്കള്‍ കെ.എം. മാണിയുടെ പിന്നാലെ പോയതിനെതിരെയും യോഗത്തില്‍ രൂക്ഷ വിമര്‍ശനമുണ്ടായി. യു.ഡി.എഫ് വിട്ടുപോയതിനുശേഷം മാണി കോണ്‍ഗ്രസ് നേതാക്കളെ അപഹസിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എന്നിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ മാണിയുടെ പിന്നാലെ പോയത് ശരിയായില്ല. ചെങ്ങന്നൂരില്‍ മാണിയുടെ പാർട്ടി ഭരിക്കുന്ന പഞ്ചായത്തില്‍ പോലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി. എൽ.ഡി.എഫില്‍ ചേക്കേറാന്‍ നടന്ന മാണിയെ വി. എസ്. അച്യുതാനന്ദനും കാനം രാജേന്ദ്രനും ചേര്‍ന്നാണ് പുറത്താക്കിയത്. ഇത്തരത്തിലൊരു നേതാവിന് അമിത പ്രാധാന്യം നല്‍കിയത് ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ തോല്‍വിക്കു കാരണമായെന്നും യോഗത്തില്‍ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.