എട്ടിക്കുളം പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം

പയ്യന്നൂർ: ജുമുഅ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എട്ടിക്കുളം തഖ്വ പള്ളിയിൽ എ.പി--ഇ.കെ വിഭാഗം സുന്നികൾ തമ്മിൽ നിലനിൽക്കുന്ന സംഘർഷം അക്രമത്തിൽ കലാശിച്ചു. കല്ലേറിൽ പൊലീസുദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. പൊലീസ് ജീപ്പും രണ്ട് കാറുകളും തകർത്തു. ഗ്രനേഡ് പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തിയുമാണ് പൊലീസ് കുഴപ്പക്കാരെ പിരിച്ചുവിട്ടത്. സംഭവസ്ഥലത്തുനിന്ന് അമ്പതോളം ഇരുചക്ര വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. പൊലീസിനെ അക്രമിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം 300 പേർക്കെതിരെ കേസെടുത്ത പൊലീസ് 16 പേരെ അറസ്റ്റ് ചെയ്തു. എ.പി വിഭാഗത്തി​െൻറ നിയന്ത്രണത്തിലുള്ള പള്ളിയിൽ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് കുഴപ്പങ്ങളുണ്ടായത്. ഇവിടെ ജുമുഅ നമസ്കാരം നടത്തുന്നത് ഇ.കെ വിഭാഗം സുന്നി പ്രവർത്തകർ തടയുന്നുവെന്നാണ് ആരോപണം. റമദാൻ തുടങ്ങിയ മൂന്ന് വെള്ളിയാഴ്ചകളിലും ജുമുഅ നമസ്കാരം നടത്തുന്നത് സംബന്ധിച്ച് പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. മൂന്നാമത്തെ വെള്ളിയാഴ്ചയായ ഇന്നലെ പള്ളിയിൽ ജുമുഅ നമസ്കാരത്തിനെത്തിയവരെ മറുവിഭാഗം തടയാൻ ശ്രമിച്ചതാണ് അക്രമത്തിൽ കലാശിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സി.ഐ എം.പി. ആസാദ്, പയ്യന്നൂർ, പഴയങ്ങാടി എസ്.ഐമാർ എന്നിവരുടെ നേതൃത്വത്തിൽ കനത്ത പൊലീസ് കാവലേർപ്പെടുത്തിയിരുന്നു. ഇതിനിടയിൽ പള്ളിയിലേക്ക് വരുകയായിരുന്ന എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുൽ ലത്തീഫ് സഅദി പഴശ്ശിയെ ഇ.കെ വിഭാഗം സുന്നി പ്രവർത്തകർ തടഞ്ഞുവത്രെ. പൊലീസ് ഇടപെട്ട് ഇദ്ദേഹത്തെ കടത്തിവിട്ടതിന് പിന്നാലെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ പയ്യന്നൂർ എസ്.ഐ കെ.പി.ഷൈൻ, പഴയങ്ങാടി എസ്.ഐ പി.എ. വിനുമോഹൻ, പഴയങ്ങാടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അനിൽ കുമാർ എന്നിവർക്ക് പരിക്കേറ്റു. തലക്ക് സാരമായി മുറിവേറ്റ അനിൽകുമാറിനെ പഴയങ്ങാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടിക്കുളത്തെ എം.എ. അബ്ദുറഹ്മാൻ (45), എം.എ. അലി അക്ബർ (45), ഇ.അബ്ദുൽ ജലീൽ (56), എം.മുഹമ്മദലി (39), ഇ.എസ്. മുഹമ്മദ് കുഞ്ഞി (60) എന്നിവർക്കും പരിക്കേറ്റു. ഇവരെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാത്തിച്ചാർജിൽ പരിക്കേറ്റ രണ്ടു പേർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്. പഴയങ്ങാടി എസ്.ഐയുടെ വാഹനം കല്ലേറിൽ തകർന്നു. പള്ളിയിലെത്തിയ തലശ്ശേരി പാനൂരിലെ മുഹമ്മദലിയുടെ ഇന്നോവ കാർ, കാഞ്ഞങ്ങാട് പൂച്ചക്കാട്ടെ സെയ്ഫുദ്ദീൻ ബാദിഷയുടെ കാർ എന്നിവയും അക്രമികൾ തകർത്തു. സംഘർഷ സ്ഥലത്തുണ്ടായിരുന്ന അമ്പതോളം ഇരുചക്രവാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടിപ്പർ ലോറികളിൽ കയറ്റിയാണ് ഇരുചക്ര വാഹനങ്ങൾ സ്റ്റേഷനിലെത്തിച്ചത്. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി.വേണുഗോപാൽ സ്ഥലത്തെത്തി പൊലീസ് നടപടികൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.