കേളകം: റബർ കർഷകരെ സഹായിക്കുന്നതിന് സർക്കാർ നടപ്പാക്കിയ റബർ വിലസ്ഥിരതാ പദ്ധതിപ്രകാരം അർഹരായ കർഷകർക്കുള്ള സാമ്പത്തികസഹായ വിതരണം മുടങ്ങിയിട്ട് അഞ്ചു മാസത്തിലേറെയായി. ജനുവരി മുതൽ മേയ് വരെ റബർ വിൽപന നടത്തി ബില്ലുകൾ കർഷകസംഘങ്ങൾ മുഖേന റബർ ബോർഡിെൻറ നിർദിഷ്്ട സൈറ്റിൽ അപ്ലോഡ് ചെയ്ത് സർക്കാർസഹായം കാത്തിരിക്കുന്നവരാണ് നിരാശരായത്. വിലയിടിവും പ്രതികൂല കാലാവസ്ഥയുംമൂലം ടാപ്പിങ് നിലച്ച് സാമ്പത്തികപ്രതിസന്ധി നേരിടുന്ന കർഷകരാണ് ഉത്തേജകപദ്ധതി പ്രകാരമുള്ള ഫണ്ടിനായി കാത്തിരിക്കുന്നത്. സാമ്പത്തികപ്രതിസന്ധി നേരിടുന്ന റബർ കർഷകർക്ക് ആശ്വാസമായിരുന്ന റബർ സബ്സിഡി വിതരണവും മുടങ്ങിയിട്ട് മാസങ്ങളായെങ്കിലും പുനരാരംഭിക്കാൻ നടപടിയായില്ല. സബ്സിഡി തുക ഉയർത്തണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് നിലവിലുള്ള തുകവിതരണവും നിലച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ജനുവരിയിൽ നിലച്ച സബ്സിഡി വിതരണമാണ് അനിശ്ചിതമായി നീളുന്നത്. അതേസമയം, സബ്സിഡി ലഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ മാസംതോറും ഉൽപാദനത്തിെൻറ കണക്കും ബില്ലും ഉൽപാദക സംഘത്തെ ഏൽപിക്കുന്നുണ്ട്. ഉൽപാദകസംഘത്തിൽനിന്ന് ലഭിക്കുന്ന ബില്ല് യഥാസമയം റബർ ബോർഡ് അംഗീകരിച്ച് സർക്കാറിന് കൈമാറുന്നുമുണ്ട്. കിലോക്ക് 150 രൂപ കണക്കാക്കിയുള്ള തുകയാണ് കർഷകർക്ക് സബ്സിഡിയായി ലഭിക്കുന്നത്. നിലവിൽ കിലോഗ്രാം റബറിന് 125 രൂപയാണ് വില. വിലസ്ഥിരത പദ്ധതിപ്രകാരമുള്ള ആനുകൂല്യം കർഷകർക്ക് ഈ തുക ആശ്വാസമായിരുന്നു. എന്നാൽ, മാസങ്ങളായി ഈ തുകയും കർഷകർക്ക് ലഭിക്കുന്നില്ല. ഇതോടെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ് കർഷകർ. റബർ സബ്സിഡി വിതരണത്തിനായി 500 കോടി സർക്കാർ നീക്കിെവച്ചിട്ടുള്ളതാണ്. അതിൽ ചെറിയൊരു തുക മാത്രമാണ് ഇതുവരെ കർഷകർക്ക് നൽകിയത്. റബറിന് കിലോക്ക് 200 രൂപ കണക്കാക്കി സബ്സിഡി വിതരണം ചെയ്യണമെന്നാണ് റബർ കർഷകസംഘം ആവശ്യപ്പെടുന്നത്. ലക്ഷക്കണക്കിന് കർഷകരെ ബാധിക്കുന്ന പ്രശ്നമായിട്ടും രാഷ്ട്രീയപാർട്ടികൾ പ്രശ്നത്തിൽ ഇടപെടാത്തതും രോഷത്തിനിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.