വീണ്ടും ബെല്ലടിച്ചു...

കണ്ണൂർ: ജനകീയോത്സവമായി കുഞ്ഞിമംഗലം ഗവ. സെൻട്രൽ യു.പി സ്കൂളിൽ നടന്ന ജില്ലതല സ്കൂൾ പ്രവേശനോത്സവം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജനങ്ങൾ നെഞ്ചേറ്റിയെന്ന് തെളിയിക്കുന്നതായിരുന്നു ചടങ്ങ്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജില്ലതല ഉദ്ഘാടനം നിർവഹിച്ചു. നഗരങ്ങളെന്നോ ഗ്രാമങ്ങളെന്നോ വേർതിരിവില്ലാതെ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് സർക്കാറി​െൻറ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയുടെ വരദാനമായ വായുവും വെള്ളവും വെളിച്ചവും പോലെ എല്ലാവർക്കും അവകാശപ്പെട്ടതാണ് വിദ്യാഭ്യാസവും. മുൻകാലങ്ങളിൽ പാഠപുസ്തകങ്ങൾക്കുവേണ്ടി സമരം ചെയ്യുന്ന വിദ്യാർഥികളെ കണ്ടിട്ടുണ്ട്. എന്നാൽ, ഈ വർഷം വിദ്യാലയങ്ങൾ തുറക്കുന്നതിന് ഒരുമാസം മുമ്പുതന്നെ മുഴുവൻ വിദ്യാലയങ്ങളിലും പാഠപുസ്തകങ്ങൾ എത്തിക്കാൻ സർക്കാറിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അധ്യയനവർഷത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശിച്ച പൊതുവിദ്യാലയങ്ങളിലൊന്ന് എന്നനിലയിലാണ് ജില്ലതല പ്രവേശനോത്സവത്തിനായി കുഞ്ഞിമംഗലം സ്കൂൾ തെരഞ്ഞെടുത്തതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടി.വി. രാജേഷ് എം.എൽ.എ പറഞ്ഞു. അടുത്ത പ്രവേശനോത്സവത്തിന് മുമ്പ് സമ്പൂർണമായി ഹൈടെക്കായി മാറുന്ന കേരളത്തിലെ ആദ്യത്തെ മലയാളം മീഡിയം സ്കൂളായി കുഞ്ഞിമംഗലം ഗവ. സെൻട്രൽ യു.പി സ്കൂൾ മാറുമെന്നും അദ്ദേഹം പറഞ്ഞു. ആണ്ടാംകൊവ്വലിൽനിന്നാരംഭിച്ച ഘോഷയാത്രയോടെയാണ് പ്രവേശനോത്സവച്ചടങ്ങുകൾ തുടങ്ങിയത്. തുടർന്ന് വിദ്യാർഥികൾ അവതരിപ്പിച്ച സംഗീതശിൽപവും അരങ്ങേറി. ജില്ലപഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പ്രവേശനോത്സവ സന്ദേശം നൽകി. ഫുട്ബാൾ താരം സി.കെ. വിനീത്, സിനിമാ - സീരിയൽ താരം ബേബി നിരഞ്ജന എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. എല്ലാവരും സർക്കാർ സ്കൂളുകളിലും മലയാളം കൂടുതൽ പഠിപ്പിക്കുന്ന സ്കൂളിലും പഠിക്കണം എന്നതാണ് ത​െൻറ ആഗ്രഹമെന്ന് സി.കെ. വിനീത് പറഞ്ഞു. പുറംലോകം അറിയേണ്ടത് നമ്മുടെ സംസ്കാരവും നമ്മുടെ ഭാഷയുമാണെന്ന് കരുതുന്ന കൂട്ടത്തിലാണ് താനെന്നും നമ്മുടെ സംസ്കാരം പഠിക്കണമെങ്കിൽ മലയാളം പഠിക്കണമെന്നും വിനീത് കൂട്ടിച്ചേർത്തു. താനും ഒരു പൊതുവിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണെന്ന് ബാലതാരം ബേബി നിരഞ്ജന പറഞ്ഞു. തനിക്കും കൂട്ടുകാർക്കും പഠിക്കാനുള്ള പാഠപുസ്തകം നേരത്തെ വന്നതുകൊണ്ട് വളരെ സന്തോഷത്തിലാണെന്നും നിരഞ്ജന കൂട്ടിച്ചേർത്തു. സ്കൂളിലെ വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മത്സരവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. റഷ്യയിൽ നടക്കുന്ന ഫുട്ബാൾ ലോകകപ്പിനെ അടിസ്ഥാനമാക്കി ചോദിച്ച ചോദ്യത്തിന് ശരിയുത്തരം നൽകിയ വിദ്യാർഥിക്ക് സി.കെ. വിനീത് സമ്മാനമായി ഫുട്ബാൾ നൽകി. സ്കൂളിലെ ഹൈടെക് ക്ലാസ് മുറി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ കെ.പി. ജയബാലൻ, ജില്ല പഞ്ചായത്തംഗം ആർ. അജിത, കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡൻറ് എം. കുഞ്ഞിരാമൻ, ഡയറ്റ് പ്രിൻസിപ്പൽ പി.യു. രമേശൻ, എസ്.എസ്.എ ജില്ല േപ്രാജക്ട് ഓഫിസർ കെ.ആർ. അശോകൻ, വിദ്യാഭ്യാസ വിദഗ്ധൻ ഡോ. രതീഷ് കാളിയാടൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി.ഐ. വത്സല സ്വാഗതവും സ്കൂൾ പ്രധാനാധ്യാപകൻ എൻ. സുബ്രണ്യം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.